തൊടുപുഴ: മൊബൈല്‍ ഫോണില്‍ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കി. കുടയത്തൂര്‍ സ്വദേശി അനിത ലിനോയ്‌ക്കും കുഞ്ഞിനുമാണ് ഇന്നലെ മൂലമറ്റത്തുനിന്നും തൊടുപുഴക്ക് യാത്രചെയ്യുമ്പോള്‍ ഡ്രൈവറുടെ നിയമ ലംഘനം മൂലം ബുദ്ധമുട്ടുണ്ടായത്. രാവിലെ 11ന് മൂലമറ്റത്തുനിന്നും തൊടുപുഴക്ക് പുറപ്പെട്ട ആര്‍ ആര്‍ 5 ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ബസ് പുറപ്പെട്ട സമയം മുതല്‍ ഡ്രൈവര്‍ ഒരു കൈയ്യില്‍ ഫോണ്‍ പിടിച്ചുകൊണ്ടാണ് ബസ് ഓടിച്ചത്. ഇതിനിടെ രണ്ട് പ്രാവശ്യം എതിരെവന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുവാന്‍ ഇടയായെങ്കിലും തലനാരിഴക്ക് അപകടം ഒഴിവായി. ഇതിനിടെ ബസ്സില്‍ കയറിയ ഒരു യുവാവ് ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്തു. തന്റെ ഇഷ്ടം പോലെ ഡ്രൈവ് ചെയ്യുമെന്ന മറുപടിയാണ് ഉണ്ടായത്.
ഇതിനിടെ എതിരെ ഒരു കാര്‍ വന്നപ്പോള്‍ ബസ് സഡന്‍ ബ്രേക്കിട്ടു. അനിതയുടെ കൈയ്യിലിരുന്ന കുട്ടിയുടെ തല മുന്‍വശത്തെ കമ്പിയില്‍ ഇടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.കെഎസ്ആര്‍ടിസി എം.ഡിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
















