മുട്ടം: മുട്ടത്തും പരിസര പ്രദേശങ്ങളിലേയും വഴിവിളക്കുകള്‍ മിഴിയടച്ചിട്ട് മാസങ്ങളായി. പഞ്ചായത്തില്‍ ഭരണമേറ്റെടുത്ത പുതിയ ഭരണസമിതി വഴി വിളക്കുകള്‍ നന്നാക്കുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മുട്ടം ടൗണില്‍ പ്രകാശിച്ചിരുന്ന ഹാലജന്‍ ലൈറ്റും മിഴിപൂട്ടിയിരിക്കുകയാണ് .പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനുള്ളിലും വെളിച്ചമില്ലാത്തത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.തൊടുപുഴയുടെ ഉപനഗരമായി വളര്‍ന്നു വരുന്ന മുട്ടത്ത് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാന്‍ വിമുഖത കാട്ടുന്ന അധികൃതര്‍ നിലവില്‍ ഉള്ള ലൈറ്റുകള്‍ പോലും നന്നാക്കുന്നില്ല.കേടായ ലൈറ്റുകള്‍ നന്നാക്കുവാന്‍ ടെന്‍ഡര്‍ കൊടുത്തിട്ടുണ്ട് എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരു പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ലൈന്‍മാന്റെ സഹായത്താല്‍ ഇഷ്ടക്കാരുടെ വാര്‍ഡുകളിലെ വഴിവിളക്കുകള്‍ നന്നാക്കി ബില്ല് മാറിയെടുക്കുന്നതായി ആക്ഷേപമുണ്ട് .വഴിവിളക്കുകള്‍ നന്നാക്കുന്ന കാര്യത്തില്‍ പോലും ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാണ്. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചമാണ് ടൗണിനെ പ്രകാശപൂരിതമാക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ രാത്രിയില്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് മുട്ടത്തെത്തുന്നവര്‍ .കേടായി കിടക്കുന്ന മുഴുവന്‍ വഴിവിളക്കുകളും നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















