ന്യൂയോർക്ക്: തീരദേശ സംരക്ഷണത്തിനായി അമേരിക്കയുടെ പക്കൽ നിന്നും ഭാരതം ഡ്രോൺ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടു. അമേരിക്കയിലെ ജനറൽ ആറ്റോമിക്സ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് ഡ്രോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നത്.
തീരദേശ പ്രദേശങ്ങൾ വഴി ഭീകരവാദം വ്യാപിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഭാരതം ഡ്രോൺ എന്ന ആശയത്തിലേക്ക് നീങ്ങിയത്. തീരദേശങ്ങളിൽ പട്രോൾ നടത്തുന്നതിനായി പ്രത്യേകം നിർമ്മിച്ചതാണ് ഈ ഡ്രോണുകൾ. സമുദ്ര നിരപ്പിൽ നിന്നും 50000 അടി ഉയരത്തിൽ 24 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
മിസൈൽ ടെക്നോളജി കൺട്രോൾ ഗ്രൂപ്പിൽ അംഗമായതോടെയാണ് ഭാരതം ഡ്രോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്. നേരത്തെ എം.ടി.സി.ആറിൽ അംഗമല്ലാത്തതിനാൽ ഭാരതത്തിന്റെ ആവശ്യം അമേരിക്ക നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ 25 ഡ്രോണുകളാണ് അമേരിക്ക ഭാരതത്തിന് നൽകുന്നത്.
















