ന്യൂദല്‍ഹി: രാജസ്ഥാനിലെ ബിക്കനറിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ റോബേര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് നോട്ടീസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന്‍ മേലുള്ള മറുപടിക്കായി ജൂണ്‍ 24 വരെ വാദ്രയ്‌ക്ക് സമയം അനുവദിച്ചിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമ പ്രകാരം സോണിയ കുടുംബത്തിലെ മരുമകനെതിരെ കേസെടുത്തേക്കും.
റിപ്പോര്‍ട്ടുകളനുസരിച്ച് 1400 ഏക്കര്‍ സ്വന്തമാക്കിയ വാദ്ര പല കമ്പനികള്‍ക്കായി ഭൂമി മറിച്ചു വില്‍ക്കുകയായിരുന്നു. അതെല്ലാം തന്നെ നിയമ വിരുദ്ധമായിട്ടായിരുന്നു. അത്തരത്തില്‍ വാദ്രയുമായി ഇടപാട് നടത്തിയ കമ്പനികളില്‍ ഒന്നായിരുന്നു സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി.
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ പല സ്ഥലങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു. ബിക്കനറിലെ കൊലയാത് മേഖലയില്‍ നിന്ന് ഭൂമി സംബന്ധിച്ച രേഖകളും, ബാങ്ക് അക്കൗണ്ടുകളും, ആദായ നികുതി രേഖകളും കണ്ടെടുത്തിരുന്നു. ചിലവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് വാദ്രയുടെ വാദം.
















