കണ്ണൂര്‍: അഴീക്കോട് ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജസിദ്ധന്‍ റിമാന്റില്‍. വലിയന്നൂര്‍ പുറത്തീല്‍പള്ളിക്കു സമീപത്തെ പുറത്തീല്‍ തങ്ങളെന്ന കുന്നത്ത് കുരുണ്ടകത്ത് ലത്തീഫ്(46)ആണ് റിമാന്റിലായത്. മറ്റൊരു യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് മറ്റൊരു കേസുകൂടിയെടുത്തു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് സിദ്ധവൈദ്യം ചികിത്സിക്കാനെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ചികിത്സ തേടിയെത്തിയ യുവതിയുമായുള്ള അവിഹിതബന്ധത്തില്‍ ലത്തീഫിന് ജനിച്ച കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തിലായിരുന്നു ഇയാളെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. ഇളംപ്രായത്തിലുള്ള കുഞ്ഞിനെ കൊല്ലണമെന്ന ഉദേശത്തോടെ കാട്ടില്‍ ഉപേക്ഷിച്ചതിനു വധശ്രമത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കക്കാട് അത്താഴക്കുന്ന് സ്വദേശിനിയായ മുപ്പതുകാരിയാണു കുഞ്ഞിന്റെ അമ്മ. പുറത്തീല്‍ തങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ സിദ്ധനായ ലത്തീഫ് അറിയപ്പെട്ടിരുന്നത്. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാള്‍ എല്ലാ അസുഖങ്ങള്‍ക്കും ചികിത്സിച്ചിരുന്നു. അറബി ചൊല്ലി മോതിരക്കല്ല് നല്‍കലായിരുന്നു ഇയാളുടെ പ്രധാന തൊഴില്‍.
കഴിഞ്ഞ 13 ന് വൈകുന്നേരം 6.30 ഓടെയാണ് രണ്ടുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വളപട്ടണം പോലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാവിനെതേടി ഒരാഴ്ച നീണ്ട തെരച്ചിലിനിടയിലാണു സിദ്ധന്‍ പിടിയിലായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ പതിനൊന്നിനായിരുന്നു കുഞ്ഞിന്റെ ജനനം. പ്രസവം കഴിഞ്ഞു 13ന് യുവതി ഡിസ്ചാര്‍ജായി. കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പിക്കാനാണെന്നു പറഞ്ഞു കൊണ്ടുപോയ ലത്തീഫ് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
സിദ്ധവൈദ്യ ചികിത്സയുടെ പേരില്‍ നിരവധി സ്ത്രീകളെ ഇയാള്‍ വഞ്ചിച്ചതായി പോലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
















