ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അഞ്ച്, എട്ട് ക്ലാസുകളിലെ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള ക്വാട്ടയില്‍ ഇടം ലഭിക്കുന്നതിനും സര്‍ക്കാര്‍ ജോലി സംവരണം ലഭിക്കുന്നതിനും ഭാവിയില്‍ എസ്.സി. എസ്.ടി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ടുമുള്ള തട്ടിപ്പ് തടയുകയെന്ന ലക്ഷ്യവുമായാണ് ചെറിയ ക്ലാസുകളില്‍ തന്നെ എസ്.സി,എസ്.ടി സര്‍ട്ടിഫിക്കറ്റുകള്‍ ആധാറുമായി സംയോജിപ്പിക്കുന്നത്. നടപ്പ് അധ്യയന വര്‍ഷത്തില്‍ എസ്.സി,എസ്.ടി സര്‍ട്ടിഫിക്കറ്റും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റും എല്ലാ സ്‌കൂളുകളിലും സമാഹരിക്കണം.
സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തിലാകണം ഇവ ശേഖരിക്കേണ്ടത്. അഞ്ച് അല്ലെങ്കില്‍ 8 ക്ലാസുകളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതോടൊപ്പം ഇ-ലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിക്കുകയും വേണം. സംസ്ഥാനത്ത് എവിടെയൊക്കെയാണോ ഇ-ലോക്കര്‍ സംവിധാനങ്ങളുള്ളത് അവിടങ്ങളില്‍ ഈ രേഖകള്‍ സൂരക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അധ്യയന വര്‍ഷത്തിലെ ഏതെങ്കിലും രണ്ടു മാസം എല്ലാ സംസ്ഥാനങ്ങളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ സമാഹരിക്കുന്നതിനായി മാറ്റിവെയ്‌ക്കണം. സപ്തംബര്‍-ഒക്ടോബര്‍ മാസത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രണ്ടുമാസമോ ഇതിനായി ഉപയോഗിക്കാം. പദ്ധതിയുടെ പ്രധാന പ്രയോജനം സര്‍ക്കാര്‍ ജോലികളിലും ഉപരിപഠനത്തിലും സംവരണം ഉറപ്പുവരുത്തുകയെന്നതാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും മനസ്സിലാക്കണം.
അതാതു സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്വം. ശേഖരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് കൈമാറണം. രേഖകള്‍ അധികൃതര്‍ രണ്ടുമാസത്തിനുള്ളില്‍ വിശദമായ പിരശോധനയ്‌ക്ക് വിധേയമാക്കി ആധാറുമായി സംയോജിപ്പിക്കും.
ഭാവിയില്‍ ഉന്നത പഠനത്തിനും സര്‍ക്കാര്‍ ജോലിക്കും അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നമ്പറുകള്‍ പരിശോധിച്ച് എസ്‌സി, എസ്ടി സര്‍ട്ടിഫിക്കറ്റ് യാഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാന്‍ അധികൃതര്‍ക്ക് സാധിക്കും.
















