ന്യൂദല്‍ഹി: നികുതി നല്‍കാത്തവരുടെ പാന്‍ നമ്പര്‍ തടഞ്ഞുവയ്‌ക്കുമെന്ന് നികുതി വകുപ്പ്. ഇവരുടെ എല്‍പിജി സബ്‌സിഡി നിര്‍ത്തലാക്കും, ഇവര്‍ക്ക് വായ്‌പകള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കും. ഇത് കൂടാതെ മറ്റ് നിരവധി പദ്ധതികളും നികുതി വെട്ടിപ്പുകാരെ നേരിടാന്‍ വകുപ്പ് ആലോചിക്കുന്നുണ്ട്.
മനപ്പൂര്‍വ്വം നികുതി നല്‍കാതിരിക്കുന്നവര്‍ക്കെതിരെയാണ് ഈ നീക്കം. നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍ പ്രൊപ്പര്‍ട്ടീസ് രജിസ്ട്രാര്‍ക്ക് കൈമാറും. ഇത്തരക്കാരുടെ സ്ഥാവര വസ്തുക്കളില്‍ യാതൊരു ഇടപാടുകളും നടത്തരുതെന്നും നിര്‍ദ്ദേശമുണ്ടാകും.
ആദായ നികുതി ഒടുക്കാത്തവര്‍ക്ക് എതിരെ ഈ സാമ്പത്തിക വര്‍ഷം മുതല്‍ കടുത്ത നടപടികള്‍ തുടങ്ങും. നികുതി നല്‍കാത്തവരുടെ പേരു വിവരം വസ്തു രജിസ്ട്രാര്‍ക്ക് കൈമാറും. ഇത്തരക്കാര്‍ വസ്തുക്കൈമാറ്റം നടത്തുന്നതും തടയും. നികുതി അടയ്‌ക്കാത്തവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതലാണ് കേന്ദ്ര നടപടി ശക്തമാക്കിയത്. ഇതുവരെ 67 പേര്‍ക്കെതിരെ ആദ്യ നികുതിവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
















