കണ്ണൂര്‍: കണ്ണൂര്‍ വികസന അതോറിറ്റി ആവിഷ്‌ക്കരിച്ച ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം വായ്‌പയെടുത്ത നിര്‍ദ്ധനരുടെ കുടിശിക എഴുതിത്തള്ളാനുള്ള സാധ്യത പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹന്‍ദാസ് തദ്ദേ ശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
തുകയുടെ മുതല്‍മാത്രം അടച്ച് പലിശ ഒഴിവാക്കി നല്‍കി ആധാരം തിരികെ നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. അതോറിറ്റിയുടെ ഓഫീസ് പൂട്ടിയതു കാരണമാണ് തുക അടക്കാന്‍ കഴിയാതിരുന്നത്.
കമ്മീഷന്‍ തദ്ദേശ സ്വയംരണ വകുപ്പ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. വികസന അതോറിറ്റിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ ഹഡ്‌കോ വായ്‌പയില്‍ കുടിശികയുണ്ടെന്നും 2014-15 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ചെലവഴിക്കാത്ത തുകയില്‍ നിന്നും കുടിശിക ഇല്ലാതാക്കുന്നതിന് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കി തുക തിരിച്ചടച്ചിട്ടില്ലെന്നും അതിനാല്‍ പരാതിക്കാരുടെ കുടിശിക ഒഴിവാക്കാന്‍ കഴിയില്ലെന്നും റിര്‍പ്പോര്‍ട്ടില്‍ പറയുന്നു. 2015-16 വാര്‍ഷിക പദ്ധതിയിലോ തുടര്‍ പദ്ധതിയിലോ ഇതു സംബന്ധിച്ച് പദ്ധതി തയ്യാറാക്കി തുക അടയ്‌ക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നതാണെന്നും വിശദീകരണത്തില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശികളായ ടി.സി.ജയരാജന്‍, എം.കെ. ഫാത്തിബി, സൗജത്ത് കെ.പി.പ്രതാപന്‍, പി.വി.രാജന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















