തലശ്ശേരിയിലെ സിപിഎം ശക്തികേന്ദ്രമായ കുട്ടിമാക്കൂലില്‍ രണ്ട് ദളിത് യുവതികള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും കൈക്കുഞ്ഞിനേയും എടുത്ത് ജയിലറക്കുളളില്‍ ഒരു ദിവസത്തേക്കാണെങ്കില്‍ പോലും അടക്കപ്പെടുകയും ചെയ്ത സംഭവം ജില്ലയിലും സംസ്ഥാനത്തിനകത്തും പുറത്തും മലയാളികള്‍ ഉളളിടത്തെല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദളിത് പിന്നോക്ക പ്രേമം പ്രസംഗിച്ചു നടക്കാറുള്ള സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും തലശേരി സംഭവത്തില്‍ സ്വീകരിച്ച മൗനം ആശങ്കാജനകമാണെന്ന് കണ്ണൂരാന്‍ ആദ്യം തന്നെ പറയട്ടെ. സംസ്ഥാന ഭരണത്തിന്റെ മറവിലാണ് വ്യാജക്കേസുണ്ടാക്കി യുവതികളെ ജയിലിലടച്ചത്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച് അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാറിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായ സൂചനയാണ് സംഭവം നല്‍കുന്നത്. പാര്‍ട്ടി ഭരണത്തിലെത്തിയ കാലത്തെല്ലാം സെല്‍ഭരണം നടപ്പിലാക്കിയ സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ജനം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തി ജനങ്ങളുടെ മുഖ്യമന്ത്രിയായി മാറിയ വ്യക്തിയില്‍ നിന്നും ജനം ചിലത് പ്രതീക്ഷിക്കുന്നുണ്ട്. അത് നിലനിര്‍ത്താനെങ്കിലും നിക്ഷ്പക്ഷമായി കാര്യങ്ങളെ കണ്ട് ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയെങ്കിലും തയ്യാറാവണം.അല്ലാതെ രണ്ടാംകിട രാഷ്‌ട്രീയക്കാരനെ പോലെ പെരുമാറാന്‍ പാടില്ല. ദളിത് വനിതകളുടെ സംഭവത്തില്‍ പോലീസിനോട് ചോദിക്കണം, തനിക്കൊന്നും ഇക്കാര്യത്തില്‍ പറയാനില്ല എന്ന രീതിയില്‍ നിരുത്തരവാദപരമായ സമീപനം അംഗീകരിക്കാന്‍ കഴിയില്ല. സ്വന്തം നാട്ടില്‍ പാവപ്പെട്ട ജനം അക്രമങ്ങള്‍ക്കിരയാവുമ്പോള്‍ ‘രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചതു’പോലെ അധികാര സ്വാപാനങ്ങളില്‍ ഇരുന്ന് ഞാനൊന്നുമറിയില്ലെന്ന മട്ടില്‍ പെരുമാറുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല.
വ്യാജക്കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചിട്ടും പ്രതികാര കൊതിതീരാതെ നട്ടാല്‍ പൊടിക്കാത്ത കളളക്കഥകളും അധിക്ഷേപങ്ങളും നടത്തി രണ്ട് ദളിത് വനിതകള്‍ക്കും സ്ത്രീയെന്ന പരിഗണനപോലും നല്‍കാത്ത സിപിഎമ്മിന്റെ അസഹിഷ്ണുത ഒരിക്കലും ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. മറ്റൊരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ജീവിക്കുന്ന ഇതരപാര്‍ട്ടിക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ചിത്രമാണ് ഇപ്പോള്‍ ദളിത് വനിതകള്‍ക്ക് നേരെ നടന്നിരിക്കുന്ന സിപിഎം അതിക്രമങ്ങള്‍. ആദ്യം ഭീഷണി, പിന്നെ അപവാദ പ്രചാരണം, ഇതു കഴിഞ്ഞിട്ടും പാര്‍ട്ടി വിചാരിച്ച രീതിയില്‍ വരുന്നില്ലെങ്കില്‍ അക്രമം, കൊലപാതകം ഇത് എതിരാളികള്‍ക്കള്‍ക്കെതിരായ കണ്ണൂരിലെ സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. അമ്മൂമ്മയെന്ന വൃദ്ധയെ ബോംബെറിഞ്ഞ് കൊന്നത് മുതല്‍ ഏറ്റവും ഒടുവില്‍ കല്ല്യാശ്ശേരിയില്‍ വനിതാ ആയുര്‍വ്വേദ ഡോക്ടറുടെ ക്ലീനിക് അടച്ചുപൂട്ടിച്ചതുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെ അതിക്രൂരവും നിന്ദ്യവുമായ നിരവധി അതിക്രമങ്ങളാണ് സിപിഎം നടത്തിയിട്ടുള്ളത്. ഇതിനൊരു പരിഹാരം ഉണ്ടാവണം. ഭരണകക്ഷിയെന്ന നിലയില്‍ ഉത്തരവാദിത്തതോടെ ഇനിയെങ്കിലും പ്രവര്‍ത്തിക്കാന്‍ സഖാക്കളും സംസ്ഥാന ഭരണകൂടവും തയ്യാറാവണം. അല്ലാത്തപക്ഷം ക്ഷമനശിച്ച പൊതുജനം നിയമ കൈയിലെടുത്ത് പ്രതികരിച്ചാല്‍ ഉത്തരം പറയേണ്ടത് ഉത്തരവാദിത്വപ്പെട്ട നിങ്ങള്‍തന്നെയാവുമെന്ന് ഓര്‍ക്കുന്നത് നന്നാവുമെന്നേ കണ്ണൂരാന് പറയാനുളളൂ. ഇനി എന്തിനും ഏതിനും അങ്ങ് ഉഗാണ്ടയിലും അന്യഗ്രഹങ്ങളില്‍ ഉണ്ടാകുന്ന നിസ്സാര സംഭവങ്ങളുടെ പേരില്‍പ്പോലും നില്‍പ്പ് സമരം നടത്തിയും ചിത്രം വരച്ചും പാട്ടുപാടിയും പ്രതിഷേധിക്കുന്ന ചില ജനപ്രതിനിധികളും ചില മാധ്യമ ജിഹ്വകളും ബുദ്ധി ജീവികളെന്നും സാംസ്‌ക്കാരിക നായകരെന്നും സ്വയം അഭിമാനിക്കുന്ന നിരവധി പേരും ഉള്ള നമ്മുടെ നാട്ടിലെ ഇക്കൂട്ടര്‍ തലശ്ശേരി സംഭവം നടന്നപ്പോള്‍ എങ്ങോട്ട് പോയെന്ന അന്വേഷണത്തിലാണ് നാട്ടുകാര്‍. സംസ്ഥാന പോലീസിനെ ഉപയോഗിച്ച് ഇത്രയും വലിയൊരു മനുഷ്യാവകാശ ലംഘനവും നീതി നിഷേധവും നടന്നിട്ടും മിണ്ടാത്ത ഇവര്‍ ഇരകളെ തന്നെ വേട്ടയാടുന്ന സിപിഎമ്മിന്റെ സമീപനത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. ജാതി വിളിച്ചും കുടുംബത്തെ അക്രമിച്ച് വീടിനു നേരെ അക്രമം നടത്തിയും നിരന്തരം അധിക്ഷേപിക്കുന്നു. ഒടുവില്‍ കളളക്കേസ് ചമച്ച് ദളിത് വനിതകളെ കൈകുഞ്ഞിനോടൊപ്പം ജയിലിലടയ്‌ക്കാന്‍ യാതൊരു ലജ്ജയുമില്ലാതെ പ്രവര്‍ത്തിച്ചവര്‍ത്തിക്കുന്നു. ഇത്തരക്കാര്‍ക്ക് ജനം മാപ്പ് തരില്ലെന്നോര്‍ക്കണം. വോട്ടിനു വേണ്ടി എല്ലാകാലത്തും പിന്നോക്ക-ദളിത്-ന്യൂനപക്ഷ സ്‌നേഹം പ്രസംഗിച്ചും പ്രകടിപ്പിച്ചും നടക്കുന്ന സിപിഎമ്മിനെ കാപട്യം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് പറയാതിരിക്കാന്‍ വയ്യ.
പയ്യന്നൂര്‍ എടാട്ട് സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിച്ച ദളിത് യുവതി ചിത്രലേഖക്ക് ഉണ്ടായ ദുര്യോഗം ഇനിയും മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന് ജനം കരുതിയെങ്കിലും മാര്‍ക്‌സിസ്റ്റ് ക്രൂരതക്ക് മുന്നില്‍ ചിത്രലേഖകള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് തലശ്ശേരി സംഭവം കാണിക്കുന്നത്. ചിത്രലേഖക്ക് സിഐടിയുക്കാരുടെ അപമാനവും പരിഹാസവും സഹിക്കവയ്യാതെ തൊഴില്‍ ഉപേക്ഷിച്ച് നാടുവിടേണ്ടി വന്നിരുന്നു. നിരവധി തവണ അവരുടെ ഓട്ടോറിക്ഷ അഗ്നിക്കിരയായി. ഒടുവില്‍ നാട്ടുവിട്ട് കാട്ടാമ്പള്ളിയിലെത്തിയപ്പോള്‍ അവിടെ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ പോലും അനുവദിക്കില്ലെന്ന ഭീഷണിയുമായി ഇപ്പോളും സിപിഎം ചിത്രലേഖയെ വേട്ടയാടുന്ന കാഴ്ചയും നമ്മുടെ മുന്നിലുണ്ട്.
















