ഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സിംബാബ്‌വെയില്‍ പീഡനക്കേസില്‍ അറസ്റ്റിലായെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. സിംബാബ്‌വെ നയതന്ത്ര പ്രതിനിധിയുമായി ഇതു സംബന്ധിച്ച് സംസാരിച്ചുവെന്നും വാര്‍ത്ത വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ടീമിന്റെ സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട ഒരാളാണ് അറസ്റ്റിലായതെന്നാണ് ഒടുവിലെ വിവരം. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയാറാണെന്ന് അറിയിച്ചതായും വിവരമുണ്ട്. സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗ കുറ്റത്തിനു അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂ സിംബാബ്‌വെ എന്ന വെബ്‌പോര്‍ട്ടലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ ലോബിയിലൂടെ നടക്കുകയായിരുന്ന തന്നെ കളിക്കാരില്‍ ഒരാള്‍ മദ്യപിക്കാന്‍ ക്ഷണിച്ചു. മുറിയില്‍ എത്തിയ താന്‍ ബോധം വരുമ്പോള്‍ വസ്ത്രങ്ങളെല്ലാം കീറിയ നിലയിലായിരുന്നുവെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരനാണോ സപ്പോര്‍ട്ട് സ്റ്റാഫാണോ അറസ്റ്റിലായതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ആരോപണവിധേയനായ ആളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
















