കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന സെമിയില്‍. ക്വാര്‍ട്ടറില്‍ വെനസ്വേലയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ സെമി പ്രവേശം. അര്‍ജന്റീനയ്‌ക്കു വേണ്ടി ഗോണ്‍സ്വാലോ ഹിഗൈ്വന്‍ രണ്ടും ലിയൊണല്‍ മെസി, എറിക് ലമേല എന്നിവര്‍ ഒരോ ഗോളും നേടി. എഴുപതാം മിനിറ്റില്‍ സലോമന്‍ റോണ്ടാനായിരുന്നു വെനസ്വേലയുടെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരം ആരംഭിച്ച് എട്ടാം മിനിറ്റിലായിരുന്നു ഹിഗ്വയ്‌ന്റെ ഗോള്‍. മെസി മറിച്ചു നല്‍കിയ പാസ് പിഴവുകളില്ലാതെ ഹിഗ്വയന്‍ വലയിലെത്തിച്ചു. 28-ാം മിനിറ്റില്‍ രണ്ടാം ഗോളും ഹിഗൈ്വന്റെ ബൂട്ടില്‍ നിന്നു പിറന്നു. പിന്നീട് ഉണര്‍ന്നു കളിച്ച വെനസ്വല മികച്ച ചില ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സെര്‍ജിയോ റൊമേറോയുടെ സേവുകള്‍ അര്‍ജന്റീനയെ കാത്തു.
അറുപതാം മിനിറ്റില്‍ മെസ്സി അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. ഈ ഗോളോടെ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന് ബാറ്റിസ്റ്റിയൂട്ടയുടെ (54 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്തി മെസ്സി. 71-ാം മിനിറ്റില്‍ എറിക്ക് ലമേല പന്ത് വലയിലെത്തിച്ച് അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ആദ്യ ക്വാര്‍ട്ടര്‍ വിജയിച്ച അമേരിക്കയാണ് സെമിഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
















