പയ്യന്നൂര്‍: ഗൃഹാതുരത്വമുണര്‍ത്തുന്ന സംഗീത വീചികളിലൂടെ തേന്‍ മഴയായ് പെയ്തിറങ്ങിയ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അമ്യതകണങ്ങള്‍ തുരീയം സംഗീതോത്സവത്തിന്റെ പന്ത്രണ്ടാം ദിനം ധന്യമാക്കി. ഉദാത്തമായ ഭാവങ്ങള്‍കൊണ്ടും ശാരീരഭംഗികൊണ്ടും അനുവാചകനെ സംഗീതത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിക്കാന്‍ നേഹ ദേശ്പാണ്ഡേക്ക് സാധിച്ചു.
ഹാര്‍മോണിയത്തില്‍ പ്രകാശ് ഉള്ള്യേരിയും തബലയില്‍ മഹേശ് മണിയും മികച്ച പിന്തുണ നല്‍കിയപ്പോള്‍ സംഗീത വിരുന്നിന് പുതിയ ഭാവതലങ്ങള്‍ കൈവന്നു.
പോത്താംങ്കണ്ടം ആനന്ദഭവനം ആതിഥ്യമരുളുന്ന പതിമൂന്നാമത് തുരീയം സംഗീതോത്സവത്തിന്റെ പതിമൂന്നാം ദിവസമായ ഇന്ന് വേദിയില്‍ വേദപ്രകാശ് നയിക്കുന്ന ഗസ്സല്‍സന്ധ്യക്ക് പുറമെ ഇഫ്താര്‍ വിരുന്നും നടക്കും. സിനിമാനടന്‍ മാമുക്കോയ മുഖ്യാതിഥിയായെത്തുന്ന ചടങ്ങില്‍ പയ്യന്നുര്‍ ജുമാ മസ്ജിദിലെ സിറാജുദീന്‍ ദാമിരി പ്രഭാഷണം നടത്തും. ഗസല്‍ സന്ധ്യക്ക് പ്രകാശ് ഉള്ള്യേരി (ഹാര്‍മോണിയം), മഹേശ് മണി (തബല), രാജേഷ് ചേര്‍ത്തല (ഫ്‌ളൂട്ട്), അഭിജിത്ത് (ഗിറ്റാര്‍) എന്നിവര്‍ പക്കമേളമൊരുക്കും.
















