അബുദാബി: ജയിലിൽ കഴിയുന്ന 69 ഭാരതീയ തടവുകാർക്ക് യുഎഇ പൊതുമാപ്പ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. റംസാൻ പ്രമാണിച്ച് യുഎഇ ജയിലുകളിൽ കഴിയുന്ന 1,010 തടവുകാരെ മോചിപ്പിക്കുന്ന വേളയിലാണ് ഭാരതീയ തടവുകാർക്ക് ജയിലിൽ നിന്നും മോചനം ലഭിക്കുന്നത്.
പ്രസിഡന്റ് ഷേക്ക് ഖലീഫ ബിൻ സയാദ് അൽ നഹ്യാനാണ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കുന്നത്. ജയിലില്‍ നല്ല പെരുമാറ്റം കാഴ്ചവച്ചവരെയാണ് പൊതുമാപ്പ് നല്‍കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരതീയരെ വിട്ടയയ്‌ക്കുന്ന വിവരം അബുദാബിയിലെ ഭാരത എംബസിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിട്ടയയ്‌ക്കുന്നവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ പട്ടിക ഉടന്‍തന്നെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് യുഎഇയിലെ ഭാരതത്തിന്റെ അംബാസഡര്‍ ടിപി സീതാറാം അറിയിച്ചു.
1,000ല്‍ അധികം ഭാരതീയരാണ് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് യുഎഇ ജയിലുകളില്‍ കഴിയുന്നത്. തടവുകാര്‍ക്കു പുതിയ ജീവിതം നല്‍കാനുള്ള പ്രസിഡന്റിന്റെ ശ്രമത്തിന്റെ ഭാഗമായാണു മാപ്പ് നല്‍കി മോചിതരാക്കുന്നത്.
















