വാഷിങ്ടണ്‍: ഓർലാൻഡോ കൂട്ടക്കൊല ചെയ്ത അക്രമി ഉമർ മതീന്റെ ഭാര്യ നൂർ സൽമാന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ്. ഇത് അന്വേഷണത്തിൽ തെളിഞ്ഞാൽ ഇവർക്കെതിരെ കേസെടുക്കുമെന്ന് യുഎസ് സെനറ്റ് മെംബര്‍ ആംഗസ് കിങ് വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു.
സംഭവത്തില്‍ നൂറിനു പങ്കുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കും. നിശാക്ളബില്‍ പോകുന്നതുമായി ബന്ധപ്പെട്ട് മതീന്‍ സംസാരിച്ചിരുന്നുവെന്നും നൂര്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം നടത്താന്‍ മതീന് ഏതെങ്കിലും വ്യക്തികളില്‍നിന്നോ സംഘടനകളില്‍നിന്നോ സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഫ്ളോറിഡയിലെ പള്‍സ് നിശാ ക്ളബില്‍ അതിക്രമിച്ചുകയറി മതീന്‍ നടത്തിയ വെടിവെപ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മണിക്കൂര്‍ നീണ്ട ആക്രമണത്തിനൊടുവില്‍ പൊലീസ് അക്രമിയെ വെടിവെച്ചുകൊല്ലുകയായിരുന്നു.
നൂര്‍ സല്‍മാന് വെടിവെപ്പുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ലോ എൻഫോഴ്സ്മെന്റ് വക്താക്കൾ അറിയിച്ചു.
















