ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്പതോളം തെരുവ് നായകളെ ചുട്ട് കൊന്നതായി പരാതി. ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ മാത്രമകലെയുള്ള മേല്‍മരുവത്തൂരിനടുത്ത് കീഴമൂരിലാണ് സംഭവം. മൃഗസ്‌നേഹിയായ പി. അശ്വന്താണ് ഈ മാസം അഞ്ചിന് നടന്ന ദാരുണമായ സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്.
അദ്ദേഹത്തിന്റെ പരാതിയില്‍ മുരളി, മുത്തു, മുരുഗദോസ്, ജീവ എന്നിവരുടെ പേരില്‍ മേല്‍മരുവത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചുവെന്നാരോപിച്ചാണ് ഗ്രാമീണര്‍ നായകളെ കൊന്നതെന്ന് പോലീസ് അറിയിച്ചിരുന്നു.
നായകള്‍ക്ക് മയക്കുമരുന്ന കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമാണ് കൊന്നതെന്ന് അശ്വന്ത് പരാതിയില്‍ പറയുന്നു. 50 നായകളേയും കൊന്നതിന്റെ തെളിവുകള്‍ താന്‍ കണ്ടെത്തിയതായും അതേസമയം വളര്‍ത്തു മൃഗങ്ങളെ കൊന്നതിന് തെളിവുകള്‍ ഇല്ലെന്നും അശ്വന്ത് വ്യക്തമാക്കി.
ആവശ്യമെങ്കില്‍ ഇത് ഹാജരാക്കാമെന്നും അദ്ദേഹം പറയുന്നു. പാതികരിഞ്ഞ നിലയില്‍ നായ്‌ക്കളുടെ ശവശരീരങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇത് താന്‍ മുഴുവനായും കത്തിച്ചുകളയുകയായിരുന്നുവെന്നും അശ്വന്ത് പരാതിയില്‍ വ്യക്തമാക്കി.
















