ഓര്‍ലാന്‍ഡോ: കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ നിശാക്ലബ്ബിലുണ്ടായ വെടിവയ്‌പിനെക്കുറിച്ച്, പ്രതിയുടെ ഭാര്യയ്‌ക്ക് അറിവുണ്ടായിരുന്നതായി പോലീസ്. ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
അമേരിയ്‌ക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. അമ്പത് പേരാണ് സംഭവത്തില്‍ മരിച്ചത്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെടിവയ്‌പ് നടത്തിയ ഒമര്‍ മാറ്റീനിന്റെ ഭാര്യ നൂര്‍ സല്‍മാന് നേരത്തെ അറിയാമായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് പോലീസിന് വേണ്ട നിര്‍ണായക തെളിവുകള്‍ നല്‍കാനാകും.
മാറ്റീനിനെ പോലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ വെടിവച്ച് കൊന്നിരുന്നു. മാറ്റീന്‍ സ്വയം വിപ്ലവകാരിയായി മാറിയെന്നാണ് കരുതുന്നത്. ഇയാള്‍ക്ക് പുറത്ത് നിന്ന് യാതൊരു സഹായവും ലഭ്യമായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
അഫ്ഗാനില്‍ നിന്ന് കുടിയേറിയ ദമ്പതികളുടെ മകനായ മാറ്റീന്‍ ന്യൂയോര്‍ക്കിലാണ് ജനിച്ചത്. ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. ആക്രമണം നടത്തരുതെന്ന് താന്‍ ഭര്‍ത്താവിനോട് പറഞ്ഞതായും ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്.
മാറ്റീനിന് മാനസികാസാസ്ഥ്യമുണ്ടെന്ന് നേരത്തെ ഇയാളുടെ മുന്‍ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ തന്നെ ഉപദ്രവിച്ചിരുന്നതായും മാതാപിതാക്കളെ കാണാന്‍ അനുവദിക്കില്ലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. നാല് മാസം നീണ്ട വിവാഹ ജീവിതം ഒടുവില്‍ അവസാനിപ്പിക്കുകയായിരുന്നു.
















