ദമാസ്‌കസ്: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മേധാവിയും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ റാഖയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇറാനിയന്‍ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഞായറാഴ്ചയുണ്ടായ യുഎസിന്റേയും സിറിയയുടേയും സംയുക്ത വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.
റംസാന്‍ നോയമ്പുകാലം ആരംഭിച്ച് അഞ്ചാമത്തെ ദിവസമാണ് ബാഗ്ദാദി മരിക്കുന്നത്. എന്നാല്‍ ഐഎസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിശ്വസിക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായി യുഎസ് അറിയിച്ചു.
എന്നാല്‍ മൊസൂളില്‍ നിന്നും 65 കിലോമീറ്റര്‍ ദൂരെയായി സഖ്യകക്ഷികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റെന്നാണ് ഇറാഖി ചാനലായ അല്‍ സുമറിയ റിപ്പോര്‍ട്ട് ചെയ്തത്. 25 ദശലക്ഷം ഡോളറാണ് ബാഗ്ദാദിയുടെ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
44 കാരനായ ഇയാള്‍ സുന്നി മുസ്ലിമാണ്. ഇറാഖിയാണ്.
കൊല്ലപ്പെട്ടതായി ഇതിനു മുന്‍പ് പലകുറി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അതൊന്നും ശരിയായിരുന്നില്ല. ഇക്കുറിയും ഇതിന് ഇതുവരെ സ്ഥിരീകരണമൊന്നുമായിട്ടില്ല.
















