ജലന്ധര്‍ : പഞ്ചാബിലെ ജലന്ധറില്‍ കനലാട്ടത്തിനിടയില്‍ അച്ഛന്റെ കൈയ്യില്‍ നിന്ന് കനലിലേക്ക് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. കാര്‍ത്തിക് എന്ന ആറുവയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്.
കാര്‍ത്തികിനെ കൈയ്യിലെടുത്തു കൊണ്ട് നഗ്‌നപാദനായി കനലിലൂടെ നടക്കവേ പിതാവ് കനലിലേയ്‌ക്ക് വീഴുകയായിരുന്നു. കനലില്‍ വീണ് അതി ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ചടങ്ങുകള്‍ വീക്ഷിക്കാനെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
കുട്ടിക്ക് 25 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.കുട്ടിയുടെ പിതാവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
ജലന്ധറിലെ കാസി മണ്ടിയിലുള്ള മാ മാരിയമ്മ ക്ഷേത്ര സന്നിധിയിലാണ് കനലാട്ടം സംഘടിപ്പിച്ചത്. ദേവപ്രീതിക്കായി നഗ്‌നപാദരായി കനലിലൂടെ നടക്കുന്ന കനലാട്ടം എന്ന ആചാരം മതവിശ്വാസത്തിന്റെ ഭാഗമാണ്. 600ല്‍ അധികം പേരാണ് ആചാരത്തില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയത്. കഴിഞ്ഞ വര്‍ഷം മകളുമായി കനലിലൂടെ നടക്കുന്നതിനിടയില്‍ കനലില്‍ തെന്നിവീണ സ്ത്രീക്കും ഗുരുതര പരുക്കേറ്റിരുന്നു.
















