ന്യൂദല്‍ഹി: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ദല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവച്ചു. ദല്‍ഹിയിലെ ഒറ്റഇരട്ട അക്ക വാഹന ഗതാഗത സമ്പ്രദായത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ദല്‍ഹി സര്‍ക്കാര്‍ പ്രീമിയം ബസ്് സര്‍വ്വീസ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വന്‍തോതില്‍ അഴിമതി നടത്തിയെന്നും പല കോണില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും തെളിവുകളോടെ അഴിമതി തെളിയിച്ചാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമായിരുന്നു റായുടെ നിലപാട്. അതേസമയം ആരോഗ്യ കാരണങ്ങളാലാണ് രാജി എന്നാണ് ആംആദ്മി സര്‍ക്കാരിന്റെ വാദം.
നട്ടെല്ലിനേറ്റ ക്ഷതത്തിന് നീണ്ട കാലമായി ചികിത്സയിലാണെന്നും ഇതേത്തുടര്‍ന്നുള്ള അനാരോഗ്യം കണക്കിലെടുത്താണ് താന്‍ രാജി വെക്കുന്നതെന്നുമാണ് ഗോപാല്‍ റായി നല്‍കുന്ന വിശദീകരണം. റായി രാജിവച്ച സാഹചര്യത്തില്‍ സത്യേന്ദ്ര ജെയിന്‍ ഗതാഗത വകുപ്പിന്റെ അധിക ചുമതല വഹിക്കും.
ആം ആദ്മി മന്ത്രിസഭയിലെ തൊഴില്‍ ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു ഗോപാല്‍ റായിക്കുളളത്. ഇതില്‍ ഗതാഗത വകുപ്പിന്റെ ചുമതല മാത്രമേ ഗോപാല്‍ റായ് രാജി വച്ചിട്ടുളളൂ.
















