വാഷിങ്ടണ്‍: അമേരിക്കയിലെ ഓര്‍ലാന്‍ഡോ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ ഒമര്‍ മതീന് ഇസ്‌ലാമിക് സ്‌റ്റേറ്റുമായുളള ബന്ധം ഉറപ്പാക്കുന്ന ക്യത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എങ്കിലും 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഭീകരാക്രമണമായി കണ്ട് കൃത്യമായി അന്വേഷണം നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.
അക്രമത്തിന് തൊട്ടുമുന്‍പ് തോക്കുധാരിയായ ഒമര്‍ മതീന് ഇസ്‌ലാമിക് സ്‌റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐഎസാണ് ഇയാളെ ആക്രമണത്തിനു നിയോഗിച്ചതെന്നതിനു കൃത്യമായ തെളിവില്ലെന്ന് ഒബാമ വ്യക്തമാക്കി.
മുസ്‌ലിം തീവ്രവാദത്തിന്റെ മറ്റൊരു തെളിവാണ് ഒര്‍ലാന്‍ഡോ കൂട്ടക്കുരുതിയെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മുസ്‌ലിംകള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞ അദ്ദേഹം പ്രസിഡന്റ് ഒബാമയേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഒര്‍ലാന്‍ഡോ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാത്ത ഹില്ലരി ക്ലിന്റന്‍ മത്സരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ട്രംപ് പറഞ്ഞു.
49 പേരാണ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ കൂട്ടക്കൊല നടത്തിയ ഒമര്‍ മാതീന്റെ ഭീകരബന്ധം രണ്ടുതവണ അന്വേഷിച്ചിട്ടും കണ്ടെത്താനായിരുന്നില്ല.
2013- 14-ലും ഇയാളെപ്പറ്റി എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) അന്വേഷിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ജനിച്ച അഫ്ഗാന്‍ വംശജനായ ഇയാളുടെ മുന്‍ ഭാര്യ ഇയാളെ ക്രൂരനും മനോരോഗിയുമായാണു കണക്കാക്കുന്നത്.
















