അലഹബാദ്: ത്രിവേണീ സംഗമം സാക്ഷിനിന്നു, സരസ്വതി അനുഗ്രഹിച്ച വാഗ്‌ധോരണയില്‍ മണ്ണും മനുഷ്യരും പുളകംകൊണ്ടു, പുതിയൊരു ഉത്തര്‍പ്രദേശിനു വേണ്ടിയുള്ള കുതിപ്പിന് തുടക്കമായി ആള്‍ക്കൂട്ടം ആര്‍ത്തു വിളിച്ചു, ഭാരത് മാതാ കീ ജയ്. മോദീ കീ ജയ് വിളിച്ച യുപി ജനക്കൂട്ടത്തിനെക്കൊണ്ട് പ്രധാനമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിപ്പിച്ചു, ഭാരത് മാതാ കീ ജയ്.
ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം സമാപിച്ച ഇന്നലെ വൈകിട്ട് ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചും തുറന്ന മൈതാനിയില്‍ ജനപ്രവാഹമായിരുന്നു. പാര്‍ട്ടി യോഗത്തിനു രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നെത്തിയ ബിജെപി നേതാക്കളും യുപിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും പ്രധാനമന്ത്രിയുള്‍പ്പെടെ പാര്‍ട്ടി ദേശീയ നേതാക്കളും സംഗമിച്ച മറ്റൊരു ത്രിവേണിയായി അവിടം. അടുത്ത വര്‍ഷം വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തുടക്കമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ആ പരിവര്‍ത്തന്‍ റാലി. ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്‍ത്തി നരേന്ദ്ര മോദി പറഞ്ഞു,
ഉത്തര്‍പ്രദേശില്‍ ഒരു പുതിയ യജ്ഞത്തിനു തുടക്കം കുറിച്ചുകഴിഞ്ഞു. വികസനത്തിന്റെ യജ്ഞമാണത്. വിചാരത്തിന്റെയും പ്രവൃത്തിയുടെയും ശ്രദ്ധയുടെയും ത്രിവേണീ സംഗമത്തില്‍ നിന്ന് ഉത്തര്‍പ്രദേശിന്റെ വികാസ യാത്ര തുടങ്ങുകയാണ്. ഉത്തര്‍പ്രദേശിന്റെ വികസനത്തിന് ബിജെപിയ്‌ക്ക് പൂര്‍ണ്ണ ഭൂരിപക്ഷം നല്‍കി ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റണം, മോദി പറഞ്ഞു നിര്‍ത്തിയ ഓരോ വാക്യത്തിനും ജനാവലി ഹര്‍ഷാരവം മുഴക്കി. മോദിയ്‌ക്കും പാര്‍ട്ടിയ്‌ക്കും സര്‍ക്കാരിനും ഭാരത് മാതാവിനും ജയ് വിളിച്ചാഹ്ലാദം പ്രകടിപ്പിച്ചു.
ഭരണത്തിനവസരം കിട്ടിയിടത്തെല്ലാം ഉജ്ജ്വല വികസനം നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തും കാണാനില്ല. ഗോവ, ഗുജറാത്ത്, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഹരിയാന എന്നിങ്ങനെ ഏതു ബിജെപി സംസ്ഥാനം നോക്കിയാലും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ കാണാനാകും, മോദി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങും മായാവതിയുംചേര്‍ന്നു നടത്തുന്ന ജൂഗല്‍ബന്ദി ഭരണമാണ്. ഒരുവട്ടം മുലായമാണെങ്കില്‍ അടുത്ത തവണ മായാവതി. ഇരുവരും സംസ്ഥാനത്തെ കൊള്ളയടിയ്‌ക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് മുന്നോട്ടു കുതിച്ചാല്‍ നമ്മുടെ രാജ്യ പുരോഗതിയെ തടയാന്‍ ആര്‍ക്കും സാധിയ്‌ക്കില്ല. യുപി ഇപ്പോഴും മുമ്പ് കല്യാണ്‍സിങ് ഭരിച്ച കാലം ഓര്‍മ്മിക്കുന്നു, രാജ്‌നാഥ് സിങ് ഭരിച്ച കാലം ഓര്‍മ്മിക്കുന്നു. അത് നല്ലകാലമായിരുന്നു, മോദി ഓര്‍മ്മിപ്പിച്ചു.
അഖിലേഷ് യാദവിന്റെ ഭരണത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും അക്രമങ്ങളും ചേര്‍ന്നിരിയ്‌ക്കുന്നു. മായവതിയും അഴിമതിയില്‍ അഗ്രഗണ്യയായിരുന്നു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരിച്ചപ്പോള്‍ ഹെലികോപ്റ്റര്‍, കല്‍ക്കരി തുടങ്ങിയ അഴിമതി നടത്തി. കേന്ദ്രത്തിലെ ബിജെപി ഭരണം അഴിമതിയില്ലാതാക്കി. സര്‍ക്കാര്‍ ജോലികളില്‍ അഭിമുഖം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അഴിമതി തടയാനായിരുന്നു അത്.
നിങ്ങള്‍ക്കു കഴിവുണ്ടോ, നിങ്ങളുടെ ഭാവി ചിലരുടെ ഇഷ്ടജന താല്‍പര്യത്തിന്റെ പേരിലോ അഴിമതിക്കാരണത്താലോ കശാപ്പ് ചെയ്യപ്പെടില്ല എന്ന് എനിയ്‌ക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. 50 വര്‍ഷത്തെ ഭരണത്തില്‍ പലര്‍ക്കും ചെയ്യാനാകാഞ്ഞത് അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് ബിജെപി സംസ്ഥാനത്തു നടപ്പാക്കും, മോദി വിശദീകരിച്ചു.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭാരതത്തിന്റെ കരുതല്‍ വിദേശനാണ്യം സ്വാതന്ത്ര്യലബ്ധിയ്‌ക്കു ശേഷമുണ്ടായിട്ടുള്ളതില്‍ എറ്റവും വര്‍ദ്ധിച്ചു. വിദേശ നിക്ഷേപം ഇത്രയും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.സ്വാതന്ത്ര്യാനന്തരം ഇത്രയും മികച്ച കാര്‍ഷിക-കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്തുണ്ടായിട്ടില്ല. ഇത്രയും തോതില്‍ കല്‍ക്കരിയും വൈദ്യുതിയും യൂറിയയും ഉല്‍പ്പാദിപ്പിച്ച സര്‍ക്കാര്‍ മുമ്പ് കേന്ദ്രത്തില്‍ ഉണ്ടായിട്ടില്ല, മോദി പറഞ്ഞു.
യുപിയില്‍ ക്രമസമാധാനം തകര്‍ന്നിരിയ്‌ക്കുകയാണ്, യുപിയില്‍ ക്രമസമാധാനം പുനസ്ഥാപിയ്‌ക്കൂ. മോദി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതൊന്നും സമാജ്‌വാദി സര്‍ക്കാര്‍ ജനങ്ങളിലെത്തിയ്‌ക്കുന്നില്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ ചൂണ്ടിക്കാട്ടി.
















