ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് നിലവിലുള്ള പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കുന്നു. കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ഭരണം ജനപ്രതിബദ്ധമാക്കാനും അഴിമതിരഹിതവും സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ ശ്രമം. കേന്ദ്ര ആഭ്യന്തരവകുപ്പ് ഇതു സംബന്ധിച്ച് വിവിധ തലത്തില്‍ കൂടിയാലോചനകള്‍ നടത്തുകയാണ്. പാര്‍ലമെന്റംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തയ്യാറാക്കുന്ന ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശകളും തേടിയിട്ടുണ്ട്.
സ്വത്തുക്കളും ബാധ്യതകളും വെളിപ്പെടുത്തുക, വരുമാനമുള്ള സ്ഥാപനങ്ങളുടെ ഭാഗമാകാതിരിക്കുക, ബിസിനസ് പങ്കാളിത്തം ഉണ്ടാക്കാതിരിയ്‌ക്കുക തുടങ്ങിയവയാണ് നിലവില്‍ സംസ്ഥാന- കേന്ദ്രമന്ത്രിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍. ഇതിനെ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.
സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ സ്വീകരിക്കേണ്ട നയങ്ങള്‍ പരിഷ്‌കരിച്ച നയത്തിലുണ്ടാകും. ശുപാര്‍ശ വേളകളില്‍ പാലിക്കേണ്ട നിയമങ്ങള്‍, യാത്രാനുമതി നേടുന്നരീതി, സ്വകാര്യ ചടങ്ങുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിനും ഔദ്യോഗിക ബംഗ്ലാവുകള്‍ ഉപയോഗിക്കുന്നതിനു വിലക്ക് തുടങ്ങിയവയാണ് പരിഷ്‌ക്കരണങ്ങളില്‍ ചിലത്.
മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കക, ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം, വകുപ്പിന്റെയും ഔദ്യോഗിക സ്ഥാനത്തിന്റെയും പേരിനു പകരം സ്വന്തം പേരിലുള്ള ഐഡിയില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയ്‌ക്ക് നിയന്ത്രണം വരും. വിദേശത്തോ ഭാരതത്തിലോ മന്ത്രിമാര്‍ സ്വീകരിയ്‌ക്കുന്ന സമ്മാനങ്ങളുടെ മൂല്യത്തുക നിലവിലുള്ള 5000-ല്‍ നിന്ന് വര്‍ദ്ധിപ്പിക്കാനും ആലോചിയ്‌ക്കുന്നുണ്ട്.
















