കണ്ണൂര്‍: പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും തിരിച്ചും ജീവിക്കുന്ന ട്രാന്‍സ്ജന്റുമാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ആലോചിക്കുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധ സംഘടനയായ ഹെല്‍ത്ത്‌ലൈന്‍ ടി ജി സുരക്ഷ പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
15 ഓളം ട്രാന്‍സ്ജന്റുമാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. തങ്ങള്‍ക്ക് പെണ്ണാകണമെന്നാണ് ആഗ്രഹമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എന്നാല്‍ സമൂഹം ഇത് അംഗീകരിക്കാന്‍ തുടങ്ങിയിട്ടില്ല. “എന്റെ മനസ്സില്‍ ഞാനൊരു സ്ത്രീയാണ്. അങ്ങനെ ജീവിക്കാനാണ് ആഗ്രഹം. കല്യാണം കഴിച്ച് ഒരു പെണ്ണിന്റെ ഭാവി കളയാനാവില്ല. ഒരു സ്ത്രീ എങ്ങിനെ ഒരു സ്ത്രീയെ കല്യാണം കഴിക്കും-മാത്യു എന്ന ട്രാന്‍സ്ജന്റ് പറഞ്ഞു.
ഇതൊരു രോഗമല്ല മാനസികാവസ്ഥയാണ്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനുളള സാഹചര്യമുണ്ടാക്കണം. യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ട്രാന്‍സ്ജന്റ് ആയതിനാല്‍ ഭരതനാട്യത്തില്‍ ലഭിച്ച തന്റെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റടക്കം അനുജന്‍ നശിപ്പിച്ചുകളഞ്ഞതായി കതിരൂര്‍ സ്വദേശി പറഞ്ഞു. ഇന്ന് 325 കുട്ടികള്‍ ഭരതനാട്യം, കുച്ചുപ്പുടി എന്നിവ അഭ്യസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ജിബിടി (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ ട്രാന്‍സ്ജന്റ്) ക്ക് കീഴിലാണ് ടിജി വരുന്നതെന്നും 250 പേരെ ജില്ലയില്‍ കണ്ടെത്തിയെന്നും സന്നദ്ധസംഘടനയായ ഹെല്‍ത്ത് ലൈന്‍ പ്രോഗ്രാം മാനേജര്‍ കെ.പി.പ്രബിത്ത് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും ഇത്തരം ചിന്താഗതിമൂലം കൊഴിഞ്ഞുപോകുന്നവരെ കണ്ടെത്തിവരുന്നു. ഇവര്‍ക്കാവശ്യമായ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്ജന്റുമാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുളള നടപടികള്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.പി.ജയപാലന്‍ മാസ്റ്റര്‍, ടി.ടി.റംല, വി.കെ.സുരേഷ് ബാബു, സെക്രട്ടറി എം.കെ.ശ്രീജിത്ത്, കോ ഓര്‍ഡിനേറ്റര്‍ കെ.വി. ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
















