മഹാകവി ഭാസന്റെ, വിഖ്യാതമായ നാടകം ” ഊരുഭംഗം” വ്യതസ്തമായ ഒരു രംഗഭാഷയോടെ അരങ്ങിൽ എത്തിക്കുകയാണ് ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ.
ദുര്യോധനൻ കേന്ദ്ര കഥാപാത്രമായി വരുന്ന ഈ നാടകം മഹാഭാരതത്തിലെ പ്രോജ്ജ്വലമായ ചില മുഹൂർത്തങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഭാരതത്തിലെ ആദ്യ ദുരന്തനാടകം എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട്.
നാടകത്തിന്റെ പൂജയും കലാകാരൻമാരെ പരിചയപ്പെടുത്തുന്ന ചടങ്ങും ഇക്കഴിഞ്ഞ എട്ടാം തീയതി ബുധനാഴ്ച്ച വൈകുന്നേരം 8.30 ന് സമാജത്തിൽ വച്ച് നടന്നു. വിജു കൃഷ്ണൻ കൺവീനറും ദിനേശ് കുറ്റിയിൽ ജോയിന്റ് കൺവീനറുമായി ബഹ്റൈനിലെ പ്രമുഖ നാടകപ്രവർത്തകരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചിട്ടുളള സ്കൂൾ ഓഫ് ഡ്രാമ ഈ വർഷം തിയേറ്റർ വർക്ക്ഷോപ്പുകൾ, നാടക രചനാ മൽസരം, നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മൽസരം, ജി.സി.സി റേഡിയോ നാടക മൽസരം തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.
ബഹ്റൈൻ കേരളിയ സമാജം തുടർന്ന് വരുന്ന നാടക പ്രവർത്തനങ്ങളുടേയും പഠനങ്ങളുടേയും ഭാഗമായാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നാടകം വ്യതസ്തമായ ഒരു അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
വിഷ്ണു നാടകഗ്രാമം സംവിധാനം ചെയ്യുന്ന ഈ നാടകത്തിൽ ബഹ്റൈനിലെ പ്രമുഖ നാടക കലാകാരൻമാർ അണിനിരക്കുന്നു. നാടകം ജൂൺ 25 ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് അവതരിപ്പിക്കും എന്ന് ചടങ്ങിൽ സംസാരിച്ച സമാജം കലാവിഭാഗം സെക്രട്ടറി മനോഹർ പാവറട്ടി അറിയിച്ചു.
സ്കൂൾ ഓഫ് ഡ്രാമയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിളള, സെക്രട്ടറി എൻ.കെ വീരമണി എന്നിവർ ഈ നാടകം കാണുവാനും തുടർന്നുള്ള നാടകപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്നുമായി ബഹ്റൈനിലെ എല്ലാ നാടക സ്നേഹികളെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: