ന്യൂഡല്‍ഹി: ചൈനീസ് സൈബര്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് ഭാരതത്തിന്റെ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഭാരതത്തിന്റെ പ്രധനപ്പെട്ട പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
നേരത്തെ ചൈനയിലെ ചെങ്ഡു മേഖലയില്‍ നിന്നുള്ള സക്ക്ഫ്ളെ എന്ന ഗ്രൂപ്പ് ഭാരതത്തിന്റെ സുരക്ഷ, പ്രതിരോധം,സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. സക്ക്ഫ്ളെ പ്രവര്‍ത്തിക്കുന്ന ചങ്ഡു മേഖലയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മിയുടെ പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ആസ്ഥാനമുള്ളത്.
ലഡാക്കില്‍ നിന്നും അരുണാചല്‍ വരെ 4057 കിലോമീറ്റര്‍ വരുന്ന ഭാരതം- ചൈന നിയന്ത്രണ രേഖ ഈ കമാന്‍ഡിന്റെ കീഴിലാണ്. ചൈനീസ് ഹാക്കര്‍മാര്‍ ഇതിനുമുമ്പും ഭാരതത്തിന്റെ സുരക്ഷാ, സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
















