കണ്ണൂര്‍: വളപട്ടണം പുഴയുടെ ‘ഭാഗമായ മുണ്ടേരിപ്പുഴയില്‍ വ്യാപകമായ കൈയ്യേറ്റം. കണ്ണൂര്‍ വാരംകടവില്‍ പുഴയോരത്തുള്ള ഒരു സ്വകാര്യ സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിനു വേണ്ടിയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായാണ് പുഴ കൈയേറി മണ്ണിട്ട് നികത്തിയിരിക്കുന്നത്. കൈയേറ്റത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
കണ്ടല്‍ക്കാടുകളും അപൂര്‍വ്വയിനം സസ്യജാലങ്ങളുമെല്ലാം നശിപ്പിച്ചു കൊണ്ടാണ് മുണ്ടേരിപ്പുഴയില്‍ വന്‍തോതിലുള്ള കൈയേറ്റം നടക്കുന്നത്. ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടി പുഴയില്‍ തൂണുകള്‍ സ്ഥാപിച്ചാണ് ലോഡ് കണക്കിന് മണ്ണിട്ട് നികത്തിയിരിക്കുന്നത്. നേരത്തെ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചതും തണ്ണീര്‍ത്തടം നികത്തിയാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ശബ്ധമുയര്‍ത്തിയിരുന്നുവെങ്കിലും രാഷ്‌ട്രീയ’ഭരണ സ്വാധീനമുപയോഗിച്ച് എതിര്‍പ്പുകളെ നേരിടുകയായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ്. ഇതുവഴി പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിനോട് ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടം പണിയാന്‍ അനുമതി നേടിയത് പിന്‍വാതിലുകളിലൂടെയാണെന്നും നാട്ടുകാര്‍ പറയുന്നു.
അറുപതിലധികം ഇനങ്ങളില്‍പെട്ട ദേശാടനപ്പക്ഷികളുടെ അപൂര്‍വ്വകേന്ദ്രമായ മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിന്റെ ‘ഭാഗമാണ് പുഴ കൈയറ്റം നടക്കുന്ന വാരംകടവ്. രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് ഒരു നിയന്ത്രണവുമില്ലാതെ കെട്ടിടങ്ങള്‍ ഉയരുകയാണിവിടെ. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും പരിസ്ഥിതി സംഘടനകളുള്‍പ്പെടെ വിവിധ സംഘടനകള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
















