ബീജിങ്: ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) അംഗത്വത്തിനെതിരെ കടുത്ത നിലപാടുമായി ചൈന. ഇക്കാര്യത്തില്‍ സമന്വയത്തിനായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ചൈന അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ അംഗത്വത്തിന് അമേരിക്കയുടെ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് ചൈനയുടെ എതിര്‍പ്പ്.
ഭാരതത്തിന് അംഗത്വം നല്‍കിയാല്‍ പാകിസ്താനും നല്‍കണമെന്ന ആവശ്യമാണ് ചൈന ഉന്നയിക്കുന്നത്. നിലവില്‍ 48 രാജ്യങ്ങളാണ് സംഘത്തിലുള്ളത്. അതേസമയം ന്യൂസിലന്റ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഭാരതത്തിന്റെ അംഗത്വത്തെ എതിര്‍ക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കേണ്ടെന്ന നിലപാടിലാണ് ഈ രാജ്യങ്ങള്‍.
2008ല്‍ വാഷിങ്ടണുമായുള്ള ആണവ സഖ്യത്തിലുള്ള എല്ലാ ആനുകൂല്യങ്ങളും ഭാരതം അനുഭവിക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെയ്‌ക്കാതെ തന്നെയാണ് ഭാരതം ആണവായുധങ്ങള്‍ നിര്‍മ്മിച്ചത്.
ആണവ വിതരണ സഖ്യത്തില്‍ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ട് ഭാരതം നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ദിവസം വിയന്നയില്‍ ചേര്‍ന്ന ആണവ വിതരണ സംഘത്തിന്റെ യോഗം തീരുമാനമെടുത്തില്ല. അപേക്ഷ ഇനി ദക്ഷിണ കൊറിയയില്‍ ചേരുന്ന പ്ലീനറി സമ്മേളനത്തില്‍ പരിഗണിക്കും. ഈ മാസം 24, 25 തീയതികളില്‍ സോളിലാണ് പ്ലീനറി സമ്മേളനം നടക്കുന്നത്.
















