ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രസര്‍വ്വീസില്‍ വിലക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പഴയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ആര്‍എസ്എസിനെതിരെ സ്വീകരിച്ച നടപടികളെല്ലാം ഭരണഘടനാവിരുദ്ധമാണെന്ന് വിവിധ കേസുകളില്‍ കോടതികള്‍ ഇതിനകം വ്യക്തമാക്കിയതാണെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
അധികാരത്തിനു വേണ്ടിയോ അധികാരത്തിന്റെ സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്‍എസ്എസ്. സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ്, വൈദ്യ പറഞ്ഞു.
കേന്ദ്രജോലികളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വിലക്കുന്ന അരനൂറ്റാണ്ട് പഴക്കമുള്ള 1966ലെ ഇന്ദിരാഗാന്ധിയുടെ ഉത്തരവ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോവയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പഴയ ഉത്തരവ് പ്രകാരം സത്യവാങ്മൂലം എഴുതി നല്‍കിയ സംഭവത്തെ തുടര്‍ന്നാണ് ഇന്ദിരാഗാന്ധിയുടെ അരനൂറ്റാണ്ട് പഴക്കമുള്ള ഉത്തരവ് വീണ്ടും ചര്‍ച്ചാ വിഷയമായത്.
കേന്ദ്രആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് പഴയ ഉത്തരവ് പിന്‍വലിക്കുമെന്ന് പേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കിയിട്ടുണ്ട്.
















