പൂനെ: യുക്തിവാദിയും എഴുത്തുകാരനും ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരാളെ അറസ്റ്റ് ചെയ്തു. ഇഎന്‍ടി വിദഗ്‌ദ്ധനായ ഡോ.വീരേന്ദ്രസിംഗ് തവാഡെയാണ് അറസ്റ്റിലായത്. നവി മുംബൈയിലെ പന്‍വേലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെ ഇയാള്‍ സത്താറയിലാണ് താമസിച്ചിരുന്നത്. നാല്‍പ്പത്തെട്ടുകാരനായ ഇയാള്‍ സനാതന്‍സന്‍സ്ഥയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും പ്രവര്‍ത്തകനാണ്.
2013 ആഗസ്റ്റ് 20നാണ് ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. പൂനെയിലെ ബല്‍ഗന്ധര്‍വ പാലത്തില്‍ വച്ച് മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടംഗ സംഘം അദ്ദേഹത്തെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.
ആര്‍എസ്എസുകാരാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന തരത്തിലാണ് ഒരു വിഭാഗമാള്‍ക്കാര്‍ വാര്‍ത്തകള്‍ പ്രചരിച്ചിപ്പിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ പേരിലാണ് തവാഡെയെ അറസ്റ്റ് ചെയ്തിട്ടുളളത്.
ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ പറഞ്ഞു.. ഇയാളെ ഈ മാസം ഒന്നുമുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും സിബിഐ അറിയിച്ചു. പൂനെയിലെ മറ്റൊരു സനാതന്‍ സന്‍സ്ഥ അംഗമായ സാരംഗ് അകോല്‍ക്കറുടെ വസതിയിലും അന്നേ ദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ ഒളിവിലാണ്. തവെഡയും അകോല്‍ക്കറും തമ്മില്‍ ഈമെയിലിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ പറഞ്ഞു.
അറസ്റ്റിനെ ധബോല്‍ക്കറിന്റെ മകന്‍ സ്വാഗതം ചെയ്തു. കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും ഹമീദ് ധബോല്‍ക്കര്‍ പ്രതികരിച്ചു. വൈകിയെങ്കിലും നടപടികള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് താന്‍ കരുതുന്നത്. അദ്ദേഹം പറഞ്ഞു. അതേസമയം സന്‍സ്ഥ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
















