ന്യൂദല്‍ഹി: കശ്മീരില്‍ ഖലീഫ ഭരണത്തിന് വഴിയൊരുക്കാനാണ് അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസിന്റെ ശ്രമമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കശ്മീരിനെ അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭരണത്തിന്‍ കീഴിലാക്കാനാണ് നീക്കമെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സിറാജുദ്ദീനെതിരെ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ്ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറാജുദ്ദീന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഐഎസ് അനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ സംഭാഷണങ്ങളാണ് ഇതിന് ആധാരം. ്
ഇതില്‍ ഒരു സംഭാഷണത്തില്‍ സിറാജുദ്ദീനോട് അടുപ്പമുള്ള ജുന്‍ദുള്ള മിനാ ഇങ്ങനെ പറയുന്നു.
‘കശ്മീര്‍ എന്നാല്‍ കശ്മീര്‍ ഐഎസാണ്…. കശ്മീര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ആയിമാറും… ഇന്‍ഷാ അള്ളാ. കശ്മീരില്‍ ഖലീഫാ ഭരണത്തിന് ഐഎസ് ഇറങ്ങിപ്പുറപ്പെട്ടാല്‍ രണ്ട് യുദ്ധമുഖങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഒന്ന് ഇന്ത്യന്‍ സൈന്യത്തെയും മറ്റൊന്ന് പാക്കിസ്ഥാനി ജിഹാദി ഗ്രൂപ്പുകളെയും. കാരണം ഇരു കൂട്ടരുടെയും അടിത്തറയെന്നത് ദേശീയതയും ദേശഭക്തിയുമാണെന്നാണ് സിറാജുദ്ദീന്റെ വാദം.
ഐഎസിലെ ഇന്ത്യാക്കാരായ ഭീകരര്‍ക്കും രാജ്യത്തോട് തികഞ്ഞ ശത്രുതായിരുന്നു. ഭാരതത്തിലെ ഭരണഘടന എടുത്തുകളഞ്ഞ് ഖലീഫയുടെ ഭരണം കൊണ്ടുവരണമെന്നാണ് ഇവരുടെ ആഗ്രഹം. ഭാരതത്തിലെ ഓരോ സംഭവവികാസത്തെയും അവര്‍ ചര്‍ച്ച ചെയ്തു. എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
വിഎച്ച്പി നേതാവ് അശോക് സിംഘാളിന്റെ മരണം ഐഎസ് ആഘോഷിച്ചതായും കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നു. ‘ശുഭവാര്‍ത്ത’ യെന്നായിരുന്നു സിറാജുദ്ദീന്‍ പ്രതികരിച്ചത്. കുറ്റപത്രത്തില്‍ പറയുന്നു. യുവാക്കളെ ചര്‍ച്ചകളിലടെയും മറ്റും തീവ്രവാദികളാക്കി തങ്ങളിലേക്ക് തിരിക്കാനായിരുന്നു അവരുടെ ശ്രമം. തന്റെ പക്കല്‍ 300 ഇന്ത്യാക്കാരായ അംഗങ്ങള്‍ ഉണ്ടെന്നാണ് സിറാജുദ്ദീന്‍ അഭിമാനിച്ചിരുന്നത്. ഐഎസിലേക്ക് ഇന്ത്യാക്കാരായ സ്ത്രീകളെ കൂടുതല്‍ ചേര്‍ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. സിറിയയില്‍ പോയി പരിശീലനം നേടി മടങ്ങി വന്ന് കശ്മീരിനായി വലിയ ഭീകരപ്രസ്ഥാനം തുടങ്ങാനായിരുന്നു ഇയാളുടെ പരിപാടി.
















