മലയാള സിനിമയിലെ കഌസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന മുറപ്പെണ്ണ് കാഴ്ച്ചക്കാലങ്ങളുടെ നീണ്ട അന്‍പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭൂതകാലത്തില്‍ നട്ട ഈ ചിത്രം സമകാലികതയുടെ കൂടി വിളക്കുമാടമാവുകയാണ്. അനവധി പ്രത്യേകതകള്‍ നിറഞ്ഞ മുറപ്പെണ്ണ് തിരക്കഥ സംവിധാനം, അഭിനയം, ഗാനരചന, സംഗീതം, ഛായാഗ്രഹണം എന്നിങ്ങനെ വിവിധമേഖലകളില്‍ പാഠപുസ്തകമാകുകയാണ്.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ മുറപ്പെണ്ണിന്റെ അന്‍പതു വയസ് ആഘോഷിച്ചുകൊണ്ട് ചരിത്രത്തെ പഴയ, പുതിയ പ്രേക്ഷകന് കൂടെ നടത്തുന്നു.
എ.വിന്‍സന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണിന്റെ തിരക്കഥാകൃത്ത് മലയാളിയുടെ സ്വകാര്യ അഹങ്കാരമായ എംടിയാണ്. എംടിയുടെ ആദ്യ തിരക്കഥ. പലരും മാറ്റിയെഴുത്തും തിരുത്തുമൊക്കെ ആവശ്യപ്പെട്ടത് ശോഭനാ പരമേശ്വരന് നായരെന്ന നിര്‍മാതാവിനെ ആകര്‍ഷിച്ചതിന്റെ ഫലമായിരുന്നു ഈ സിനിമ. പ്രേംനസീര്‍, ഉമ്മര്‍, മധു, ശാരദ തുടങ്ങിയ അന്നത്തെ സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച, ഇന്നും മലയാളി പാടിക്കൊണ്ടു നടക്കുന്ന മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം.
എല്ലാ ചേരുവയുമടങ്ങിയതെന്നു പറയുംപോലൊരു ചിത്രം.
മലയാള സിനിമയും സാഹിത്യവും ചേര്‍ന്നുപോകുന്നതിന് ശക്തി പകര്‍ന്ന സിനിമ കൂടിയാണിത്. പിന്നീട് സാഹിത്യത്തിന്റെ വളക്കൂറില് അനേകം ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. എംടിയുടെ തന്നെ നിരവധി കഥകളും നോവലുകളും സിനിമയായി. എംടിയുടെ വരികള്‍ക്കിടയിലെ വാചാലമായ മൗനങ്ങള്‍ ദൃശ്യഭാഷയിലൂടെ കൂടുതല്‍ നിറവാര്‍ന്നതാകുന്നത് പ്രേക്ഷകന് അറിഞ്ഞു.
സാധാരണക്കാരന്റെ ജീവല്‍പ്രശ്നങ്ങളും നാട്ടിന്‍പുറ സ്പര്‍ശവുമായി മുറപ്പെണ്ണ് പ്രേക്ഷകനില്‍ വേറിട്ടൊരു സിനിമാനുഭവമായി. സ്വന്തം ജീവിതവുമായി മുറപ്പെണ്ണിനെ സാദൃശ്യപ്പെടുത്തിയവരും അനേകം. സിനിമയുടെ വെറും കഥപറച്ചില്‍ സ്വഭാവത്തില്‍ നിന്നുമാറി പുതിയൊരു ഗൗരവത്തിന്റെ കനപ്പു സൃഷ്ടിക്കാന്‍ മുറപ്പെണ്ണിനു കഴിഞ്ഞു. വിന്‍സന്റിന്റെ മനോധര്‍മവും എംടിയുടെ അക്ഷരക്കരുത്തും അതിനു കൂടുതല്‍ മിഴിവേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: