ചേലേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കാരാട്ട് വയല്‍ കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ പെണ്‍കൂട്ടായ്‌മയില്‍ പുരോഗമിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 125 ല്‍ അധികം തൊഴിലാളികള്‍ ഒത്തൊരുമയോടെ സൗജന്യമായി പ്രവര്‍ത്തിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടരലക്ഷം രൂപ ഉപയോഗിച്ച് നവീകരണം ആരംഭിച്ചത്. 70 വര്‍ഷത്തിലധികം പഴക്കമുള്ളതും കാര്‍ഷിക ജലസേചനത്തിന് ഉപയോഗിക്കുന്നതുമായ കുളം 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്ക് ഭക്ഷണം കൂലി എന്ന പദ്ധതിയിലുള്‍പ്പെടുത്തി ഇരിക്കൂര്‍ ബ്ലോക്ക് ഉരുളന്‍ കല്ലുകളുപയോഗിച്ച് കെട്ടിയതാണ്. കാലപ്പഴക്കത്താല്‍ കല്ലുകള്‍ തകര്‍ന്ന സാഹചര്യത്തിലാണ് കാരാട്ട് വയല്‍ കുളം നവീകരണ കമ്മറ്റി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ലഭിച്ച തുകകൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സന്നദ്ധപ്രവര്‍ത്തനത്തിന്റെ സാധ്യത തേടിയത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ നിഷയുടെ നേതൃത്വത്തില്‍ കൊളച്ചേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുകയും ഒരു ദിവസത്തെ സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറാവുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ത്തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും സ്ത്രിത്തൊഴിലാളികളുടെ സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. ഇത് തികച്ചും മാതൃകാപ്രവര്‍ത്തനമാണെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സി.ഫൗസിയ പറഞ്ഞു.
13-ാം വാര്‍ഡ് മെമ്പര്‍ കെ.പി.ചന്ദ്രഭാനു, കാരാട്ട് വയല്‍ കുളം നവീകരണ കമ്മറ്റി കണ്‍വീനര്‍ എം.സജിത്ത് മാസ്റ്റര്‍, ചെയര്‍മാന്‍ കെ.മുരളീധര മാരാര്‍, വി.ജനാര്‍ദ്ദനന്‍, വി.ഷാജി എന്നിവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
















