ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. ഹിന്ദു ആശ്രമവാസിയേയാണ് ഇന്നലെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഥാക്കൂര്‍ അനുകൂല്‍ ചന്ദ്ര സത്സംഗ പരമ തീര്‍ഥ ആശ്രമത്തിലെ നിത്യരഞ്ജന്‍ പാണ്ഡെയാണ് മരിച്ചത്.
പ്രഭാത സവാരിക്കിടയിലാണ് അജ്ഞാത സംഘം 62കാരനായ ഇയാളെ തലയറുത്ത് കൊന്നതെന്ന് എഎസ്പി സലിം ഖാന്‍ പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷികളാരുമില്ല. നാല്‍പ്പതോളം വര്‍ഷങ്ങളായി ആശ്രമത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ് നിത്യരഞ്ചന്‍. വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ സംഭവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇസ്ലാമുകള്‍ക്ക് മുസ്ലിമല്ലാത്തവരെ ഇഷ്ടമല്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇതുവരെ ആരും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ബംഗ്ലാദേശില്‍ ഒരാഴ്‌ച്ചക്കിടയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ന്യൂനപക്ഷങ്ങള്‍ക്കും വിദേശിയര്‍ക്കും മതേതര എഴുത്തുകാര്‍ക്കുനേരേയും ബുദ്ധിജീവികള്‍ക്കും നേരെ നിരവധി ആക്രമണങ്ങളാണ് ഇവിടെ നടക്കുന്നത്. ഞായറാഴ്‌ച്ച ഒരു ക്രിസ്ത്യന്‍ ബിസിനസ്സുകാരനേയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
മുന്‍പ് ഒരു ഹിന്ദു സമുദായത്തില്‍പെട്ട തയ്യല്‍ക്കാരനേയും ബംഗ്ലാദേശി മാസികയുടെ എഡിറ്ററേയും ഭീകരര്‍ ക്രൂരമായ രീതിയില്‍ കൊന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 50തോളം ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരാണ് സമാനരീതിയില്‍ കൊല്ലപ്പെട്ടത്. പലതിന്റേയും ഉത്തരവാദിത്തവും അന്താരാഷ്‌ട്ര മുസ്ലീം ഭീകരസംഘടനകളായ ഐഎസ്സും അല്‍ ഖ്വയ്ദയും അടക്കമുള്ള ഭീകരസംഘടനകള്‍ ഏറ്റെടുത്തിരുന്നു.
















