കണ്ണൂര്‍: 14 ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന 47 ദിവസത്തെ ട്രോളിങ്ങ് നിരോധനവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ കണ്ടെത്തി മുന്‍കരുതലെടുക്കും. ഫിഷറീസ്‌വകുപ്പ് കൂടുതല്‍ പേരെ ജോലിക്ക് നിയോഗിക്കും. തീരമേഖലയില്‍ പൊലീസുകാരെ നിയോഗിക്കും. റേഷന്‍ വിതരണത്തിനുളള നടപടി സ്വീകരിച്ചുവരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ആധുനിക സംവിധാനങ്ങള്‍ ഒരുക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
അന്യസംസ്ഥാന ബോട്ടുകളോട് ട്രോളിങ്ങ് നിരോധനത്തിന് തലേന്ന് വിട്ടുപോകുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കും. ട്രോളിങ്ങ് നിരോധനം തീര്‍ന്നാല്‍ കളര്‍ കോഡിങ്ങ് നടത്തി തിരിച്ചുവന്നാല്‍ മാത്രമേ ബോട്ടുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍:0497 2732487, കൊച്ചിന്‍ കോസ്റ്റ് ഗാര്‍ഡ് ടോള്‍ഫ്രീ നമ്പര്‍: 155204, ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് ഹെല്‍പ് ലൈന്‍ നമ്പര്‍: 1554.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജോ.ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, അസി.ഡയറക്ടര്‍ ജെ.സുരേഷ് ബാബു, തദ്ദേശ സ്ഥാപന മേധാവികള്‍, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















