കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ നിന്നും ഇന്ത്യക്കാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഇവരുടെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കൊല്‍ക്കൊത്ത സ്വദേശി ജൂദിത്ത് ഡിസൂസ (40) എന്ന സ്ത്രീയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗ ഖാന്‍ ഫൗണ്ടേഷന്റെ ടെക്‌നിക്കല്‍ അഡ്‌വൈസറാണ് ഇവര്‍. വ്യാഴാഴ്ച രാത്രി കാബൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഏതു ഭീകര സംഘടനയാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല.
ഡിസൂസയുടെ കുടുംബവുമായും കാബൂളിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ബന്ദിയാക്കപ്പെട്ട ഡിസൂസയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രത്യേക സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്താനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭാരതീയര്‍ക്കു നേരെയും വസ്തുവകകള്‍ക്കു നേരെയും ആക്രമണം പതിവാണ്.
















