ന്യൂദല്‍ഹി: ഭാരതത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം അഞ്ചാമത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിമേല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗ്ഡ്ഗരിയാണ് രാജ്യത്തെ റോഡപകടങ്ങളുടെ കണക്ക് വെളിപ്പെടുത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടം സംഭവിച്ച വര്‍ഷം 2015 ആയിരുന്നു. ഇക്കാലയളവില്‍ 4196 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത്. അപകടങ്ങളില്‍ മരിച്ചവരില്‍ അധികവും 15 മുതല്‍ 34 വരെ വയസുള്ളവര്‍. 43,735 പേര്‍ക്ക് അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റത്. അപകടമരണത്തിന്റെ എണ്ണത്തില്‍ നാലു ശതമാനം വര്‍ദ്ധനവാണ് 2015 കാലഘട്ടത്തില്‍ രാജ്യത്തുണ്ടായത്.
ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത്. 2013 ല്‍ ആകെ നടന്ന അപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ 26.3 ശതമാനം ആയിരുന്നു ഇരുചക്ര വാഹനങ്ങള്‍ കൊണ്ടു ഉണ്ടായ അപകടം. 2014 ല്‍ അത് 27.3 ശതമാനവും, 2015 ല്‍ 28.8 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാഹനമോടിക്കുമ്പോള്‍ കാണിക്കുന്ന അലംഭാവമാണ് 77% അപകടങ്ങള്‍ക്കും കാരണമായി തീരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റോഡിന്റെ പരിതസ്ഥിതിയും അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അപകടങ്ങള്‍ കുറയ്‌ക്കാനുള്ള നടപടി സര്‍ക്കാര്‍ കര്‍ശനമായി സ്വീകരിക്കുമെന്ന് ഗഡ്ഗരി പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ച് നല്കുന്നതില്‍ ഗവണ്‍മെന്റ് ഇനി മുതല്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
വാഹനാപകടങ്ങളുടെ കാര്യത്തില്‍ തമിഴ്‌നാടാണ് മുന്നില്‍. (69,059). മഹാരാഷ്ട രണ്ടാം സ്ഥാനത്താണ് (63,805). മധ്യപ്രദേശ് (54,947), കര്‍ണ്ണാടക (44,011), കേരളം(39,014), ഉത്തര്‍പ്രദേശ് (32,385), ആന്ധ്രാപ്രദേശ് (24,258), രാജസ്ഥാന്‍ (24,072), ഗുജറാത്ത്(23,183), തെലങ്കാനാ (21,252), ചത്തീസ്ഗഡ് (14,446), പഞ്ചിമ ബംഗാള്‍ (13,208), ഹരിയാണ(11,174) എന്നിങ്ങനെ പോകുന്നു പട്ടിക.
രാജ്യത്താകമാനം ഒരു ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി ഒരുനൂറ്റി മുപ്പത്തിമൂന്ന് പേരാണ് 2015 ല്‍ വാഹനാപകടത്തില്‍ മരിച്ചത്.
















