ന്യൂദല്‍ഹി: നക്‌സല്‍ വിരുദ്ധ നടപടികളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലുമാസത്തിനുള്ളില്‍ വലിയ മുന്നേറ്റം. നാലുമാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇടതുമാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈന്യത്തിന്റെ സംയുക്ത നടപടികളില്‍ 76 നക്‌സലുകളെ വധിക്കുകയും 665 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ നടപടികളിലൂടെ മാവോയിസ്റ്റുകളുടെ 30 ശതമാനത്തോളം അക്രമങ്ങള്‍ കുറയ്‌ക്കാനായി.
ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ഏറ്റുമുട്ടലുകളിലാണ് 76 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇത് 15 മാത്രമായിരുന്നു. അതേസമയം 665 മാവോയിസ്റ്റുകള്‍ അറസ്റ്റിലായപ്പോള്‍ 639 പേര്‍ സൈന്യത്തിന് കീഴടങ്ങി. കഴിഞ്ഞവര്‍ഷം 435 നക്‌സലുകള്‍ അറസ്റ്റിലാവുകയും 134 പേര്‍ കീഴടങ്ങുകയുമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ താരതമ്യപഠനം പുറത്തുവിട്ടത്.
2015ല്‍ 1088 മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടാവുകയും 226 പേര്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ 168 നാട്ടുകാരും 58 സുരക്ഷാ സൈനികരുമാണ്. 89 മാവോയിസ്റ്റുകളെ വധിക്കുകയും 1668 പേരെ അറസ്റ്റ് ചെയ്യുകയും 570 പേര്‍ കീഴടങ്ങുകയും ചെയ്തു. 2013നെ അപേക്ഷിച്ച് 2015ല്‍ 42 ശതമാനം മരണസഖ്യ (സാധാരണജനങ്ങളുടെയും സുരക്ഷാ സൈനികരുടെയും) കുറവായിരുന്നു. സുരക്ഷാസേനയുടെ ശക്തമായ നടപടികള്‍ മൂലമാണ് അക്രമസംഭവങ്ങളും മരണവും കുറയുവാന്‍ കാരണമെന്ന് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പത്ത് സംസ്ഥാനങ്ങളിലെ 106 ജില്ലകളില്‍ വിവിധതോതില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുണ്ട്. ഏഴു സംസ്ഥാനങ്ങളിലെ 35 ജില്ലകളില്‍ സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണ്. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സംസ്ഥാനങ്ങളില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ മോശമായി തുടരുവാനാണ് സാധ്യത.
















