മുംബൈ: സ്‌കൂള്‍ നോട്ടുബുക്കില്‍ നിന്ന് ഒരേടു കീറി മോദിയ്‌ക്ക് കത്തെഴുതാനിരിക്കുമ്പോള്‍ കൊച്ചു വൈശാലി നിനച്ചതേയില്ല അതിനൊരു മറുപടി വരുമെന്നും തന്റെ വേദനകളിലേക്ക് സാന്ത്വനമായി അത് പടരുമെന്നും. ഹൃദയത്തിലൊരു ദ്വാരവും പിന്നെ തന്റെ ദാരിദ്ര്യവുമായിരുന്നു ആറുവയസ്സുകാരി വൈശാലിയുടെ വേദനകള്‍. ഇന്നതെല്ലാം പാടെ മാറി.
മുറിവുണക്കാന്‍ മുന്നിട്ടിറിങ്ങിയത് മറ്റാരുമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി.
‘മോദി സര്‍ക്കാര്‍ എന്നെ സഹായിക്കണം’ എന്ന് തുടങ്ങി വൈശാലി യാദവ് കഷ്ടപ്പാടുകളെല്ലാം നിറച്ച് എഴുതിയ കത്തുകള്‍ എത്തേണ്ട കൈകളില്‍ തന്നെയാണ് എത്തിയത്. അഞ്ചുനാള്‍ കഴിഞ്ഞ് വൈശാലിയുടെ സ്‌കൂള്‍ വിലാസത്തില്‍ മോദിയുടെ മറുപടിയുമെത്തി. ഒമ്പതു ദിവസത്തിനകം റൂബി ഹാള്‍ ക്ലിനിക്കില്‍ ഹൃദയ ശസ്ത്രക്രിയ. അതും വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വിജയകരമായി.
പൂനെ ഫുര്‍സുംഗിയിലെ പ്രദ്‌ന്യ ശിശുവിഹാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വൈശാലി. ഹൃദയശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത, ദരിദ്ര കുടുംബത്തിലെ ഈ കൊച്ചു പെണ്‍കുട്ടിക്ക് അമ്മാവനാണ് ഏക ആശ്രയം. പെയിന്ററായ അമ്മാവന്‍ പ്രതാപ് യാദവിന് വൈശാലിയ്‌ക്ക് മരുന്നു വാങ്ങുന്നതു പോലും തങ്ങാവുന്നതിനപ്പുറമാണ്. വൈശാലിക്ക് ആകെയുണ്ടയായിരുന്ന പഴയൊരു സൈക്കിള്‍ പോലും 90 രൂപയ്‌ക്ക് വിറ്റാണ് അമ്മാവന്‍ അവള്‍ക്ക് മരുന്നു വാങ്ങിയത്. അത് മനസ്സിനെ ഒരുപാടു വേദനിപ്പിച്ചപ്പോള്‍ വൈശാലിയൊരു തീരുമാനമെടുത്തു.
പ്രധാനമന്ത്രി മോദിയ്‌ക്കൊരു കത്തെഴുതുക. ആശുപത്രികളില്‍ നിന്നെല്ലാം എന്നെ മടക്കിയപ്പോള്‍ അമ്മാവന്‍ ദുഃഖിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അപ്പോഴാണ് ടിവിയില്‍ നരേന്ദ്രമോദിയുടെ മുഖം കാണുന്നത്. അപ്പോള്‍ത്തന്നെ പുസ്തകത്തിന്റെ ഏടുകീറി അദ്ദേഹത്തിന് എല്ലാം വിവരിച്ച് കത്തെഴുതി.
മോദിയുടെ കാരുണ്യം തന്നെത്തേടിയെത്തിയത് എങ്ങനെയെന്നു വിവരിക്കുന്നു വൈശാലി. സ്വന്തമായൊരു മേല്‍വിലാസമില്ലാത്തതിനാല്‍ സ്‌കൂള്‍ അഡ്രസ് രേഖപ്പെടുത്തിപ്രതാപ് യാദവ് കത്തു പോസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുക എന്ന പ്രധാമന്ത്രിയുടെ കത്ത് ലഭിച്ചപ്പോള്‍ ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സഞ്ജയ് ദേശ്മുഖിനും വിശ്വസിക്കാനായില്ല. പിന്നെയെല്ലാം പെട്ടന്നാണ് സജ്ജമാക്കിയത്. ജില്ലാകലക്ടറുമായി കൂടിയാലോചിച്ച് പെണ്‍കുട്ടിയെ കണ്ടെത്തി റൂബിഹാള്‍ ക്ലിനിക്കില്‍ ശസ്ത്രക്രിയ നടത്തി. അതും സൗജന്യമായി.
















