മഥുര: മഥുര സംഘർഷത്തിനിടെ അക്രമികൾ അമേരിക്കൻ നിർമ്മിത റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഉത്തർപ്രദേശ് പോലീസ്. സംഘർഷം നടന്ന ജവഹർ ബാഗ് പ്രദേശത്ത് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പോലീസ് സൂപ്രണ്ട് ബബ്‌ലു കുമാർ മാധ്യമങ്ങളോടായി ഇക്കാര്യം പറഞ്ഞത്.
ബോംബ് സ്ക്വാഡ് പ്രദേശത്ത് നടത്തിയ തെരച്ചിലിൽ അമേരിക്കൻ കമ്പനി ജെഫ്രെസൻ നിർമ്മിച്ച ടിയർ ഗ്യാസ് തോക്ക് മറ്റ് വെടിക്കോപ്പുകളുമാണ് ലഭിച്ചത്. എന്നാൽ ഇവ ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. പ്രദേശത്തെ കുളത്തിൽ മൂന്ന് കവറുകളിലായിട്ടാണ് 37എംഎം കാലിബർ ടിയർ ഗ്യാസ് തോക്കും വെടിക്കോപ്പുകളും കണ്ടെടുത്തത്.
ഇതോടൊപ്പം ഒരു കൈത്തോക്ക്, 31 കിലോ വെടിമരുന്ന്, 1 കിലോ അയൺ പൊടി എന്നിവയും ബോംബ് സ്ക്വാഡ് കണ്ടെത്തി. 11 പേർക്കെതിരെ 51 കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ചുമത്തിയിരിക്കുന്നത്.
പോലീസ് സൂപ്രണ്ടടക്കം 29 പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കുമേറ്റിരുന്നു. അഖിലേഷ് സർക്കാരിന് ഏറെ തലവേദന സൃഷ്ടിച്ച കേസായി മാറിയിരിക്കുകയാണ് ജവഹർ ബാഗ് സംഘർഷം. രൂക്ഷമായ ആരോപണങ്ങളാണ് സംഭവത്തിനു ശേഷം സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കപ്പെട്ടത്.
















