മലപ്പുറം: ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കുന്ന രീതി സര്‍ക്കര്‍ മാറ്റണമെന്ന് കെജിഎംഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജുകള്‍ പഠനത്തിനും ഗവേഷണത്തിനുമുള്ളതാണ്. ജില്ലാ, ജനറല്‍ ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളാണ്. മൂന്നു വര്‍ഷം മുമ്പ് മഞ്ചേരി, പാലക്കാട്, ഇടുക്കി ജില്ലാ, ജനറല്‍ ആശുപത്രികളെയാണ് മെഡിക്കല്‍ കോളേജുകളാക്കി മാറ്റിയത്. പക്ഷേ മെഡിക്കല്‍ കോളേജാക്കുന്നതിന് മുമ്പ് ലഭിച്ചിരുന്ന ചികിത്സ പോലും രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ പഠനവും ചികിത്സയുമില്ലാത്ത അവസ്ഥയാണ്. ജനറല്‍ ആശുപത്രിയായിരുന്നപ്പോള്‍ കിടക്കകളുടെ എണ്ണം 501 ആയിരുന്നപ്പോള്‍ ഇന്ന് 410 ആയി കുറഞ്ഞു. കിടക്കുന്ന രോഗികള്‍ 550 ന് മുകളിലായിരുന്നത് ഇന്ന് 320 ആയി കുറഞ്ഞു. പ്രസവങ്ങളുടെ എണ്ണം മാസത്തില്‍ 400ന് മുകളിലായിരുന്നെങ്കില്‍ 269 ആയി കുറഞ്ഞു. ഇതിന് പുറമെ ഫിസിക്കല്‍ മെഡിസിന്, പാലിയേറ്റീവ്, ക്യാന്‍സര്‍, തെറാപ്പി വിഭാഗങ്ങളില്‍ കിടത്തി ചികിത്സ നിര്‍ത്തലാക്കി. സൗജന്യമായിരുന്ന മൈനര്‍ ഓപ്പറേഷന്, മേജര്‍ ഓപ്പറേഷന് നിരക്കുകള്‍ വര്‍ധിപ്പിച്ചു. മറ്റ് പുതിയ മെഡിക്കല്‍ കോളേജുകളിലെയും സ്ഥിതി മറിച്ചല്ല. എംബിബിഎസ് സീറ്റുകളല്ലാ സംസ്ഥാനത്തിന് ആത്യാവശ്യം വേണ്ടത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പിജി സീറ്റുകള്‍ വര്‍ധിപ്പിക്കണം. അധ്യാപകരില്ലാത്തതിന്റെ പേരില്‍ 2013ന് ശേഷം 250 പിജി വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനത്ത് രജിസ്ട്രേഷന് ലഭിക്കാതായത്. നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ പഠനനിലവാരം ഉയര്‍ത്തുകയും ജില്ലാ, ജനറല്‍ ആശുപത്രികളെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിസതാ കേന്ദ്രങ്ങളാക്കണം. തിരുവനന്തപുരത്ത് പുതുതായി തുടങ്ങാന്‍ പോകുന്ന മെഡിക്കല്‍ കോളേജില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍നിന്ന് ജനറല്‍ ആശുപത്രിയെ വേര്‍പ്പെടുത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. മുഹമ്മദാലി, വൈസ് പ്രസിഡന്റ് ഡോ.എം കേശവനുണ്ണി, ജില്ലാ സെക്രട്ടറി ഡോ. ഷംസുദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: