മെക്സിക്കോ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെക്സിക്കോയിൽ എത്തി. മെക്സിക്കൻ വിദേശകാര്യ മന്ത്രി ക്ലൗഡിയ റൂയിസാണ് മോദിയെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്‌ട്ര സന്ദർശത്തിലെ അവസാന സന്ദർശന രാജ്യമാണ് മെക്സിക്കോ.
ഭാരതത്തിന് ആണവ വിതരണ ഗ്രൂപ്പിൽ അംഗമാകാൻ മെക്സിക്കോയുടെ പിന്തുണയുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മെക്സിക്കൻ പ്രസിഡന്റ് എൻറിക് പെന നിറ്റോയുമായി ചർച്ച നടത്തി. മെക്സിക്കോയുടെ പൂർണ്ണ പിന്തുണയാണ് ഭാരതത്തിന് ലഭിച്ചത്. കൂടാതെ ശാസ്ത്ര സാങ്കേതിക മേഖലയിലും, വാണിജ്യ കരാറുകളിലും ഇരു രാജ്യങ്ങൾ തമ്മിൽ മികച്ച ബന്ധം തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞു.
ഭാരതവും മെക്സിക്കോയും തമ്മിൽ 6 ബില്ല്യൻ ഡോളറിന്റെ വ്യാപാര ബന്ധമാണ് നടക്കുന്നത്. മെക്സിക്കോയിൽ നിന്നും ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഭാരതമാണ്. ഇതിനോടൊപ്പം ഭാരതത്തിൽ നിന്നും മരുന്നുകൾ , മോട്ടോർ വാഹന ഉപകരണങ്ങൾ എന്നിവ ഏറ്റവും കൂടുതൽ കയറ്റി അയക്കുന്ന രാജ്യമാണ് മെക്സിക്കോ.
















