ചെറുപുഴ: ആദിവാസികള്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന് പറയുന്ന അധികൃതര്‍ കാണേണ്ടതാണ് ഈ ജീവിതം. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ആറാട്ടുകടവില്‍ ഒറ്റമുറി കൂരയില്‍ ദുരിതജീവിതം തള്ളിനീക്കുകയാണ് വയോധികരായ ദമ്പതികള്‍. കാണിക്കാരന്‍ കുഞ്ഞിരാമനും ഭാര്യ വെള്ളച്ചിയുമാണ് ചോര്‍ന്ന് ഒലിക്കുന്ന കൂരയില്‍ ജീവിതം തള്ളി നീക്കുന്നത്.മുളക്കഷണങ്ങള്‍ കൊണ്ട് കുത്തിമറച്ച് മേല്‍ക്കൂരയില്‍ ഷീറ്റ് കെട്ടിയ തകര്‍ന്നകൊണ്ടിരിക്കുന്ന കൂരയാണ് ഇവര്‍ക്ക് എല്ലാം. വെപ്പും തീനും ഉറക്കവുമെല്ലാം ഇതില്‍തന്നെ. ശുചിത്വമുള്ള ഒരു കക്കൂസ് പോലും ഇവര്‍ക്കില്ല. കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. കാര്യങ്കോട് പുഴയെ. പട്ടിണികിടക്കാതെ കഴിയണമെങ്കില്‍ കുട്ടമെടഞ്ഞ് വില്‍ക്കണം. കിട്ടുന്നതോ തുച്ഛമായ വരുമാനം. ആശ്രയിക്കാന്‍ ഇവര്‍ക്ക് മക്കളില്ല. നാല് കുട്ടികള്‍ ഉണ്ടായിരുന്നത് ചെറുപ്പത്തിലേ മരിച്ചു കിടപ്പാടം നില്‍ക്കുന്നത് കര്‍ണാടകയും കേരളവും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കമുള്ള ഭൂമിയില്‍.അതിനാല്‍ കിടപ്പാടത്തിന് പട്ടയവുമില്ല. റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡും വോട്ടര്‍പട്ടികയില്‍ പേരുമുണ്ട്. പക്ഷേ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് കിട്ടുന്നില്ല. കാഴ്ച നശിച്ച വെള്ളച്ചിയെ തനിച്ചാക്കി എവിടെയും പോകാന്‍ കുഞ്ഞിരാമന് കഴിയുന്നില്ല. തങ്ങളുടെ ദുരിത ജീവിതത്തിന് അറുതി വരുത്താന്‍ അധികൃതര്‍ കനിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
















