ന്യൂദല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ലഷ്‌കര്‍ ഇ തോയ്ബയുമായി ചേര്‍ന്ന് ഭാരതത്തില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഭാരതത്തില്‍ വേരുറപ്പിക്കാനുള്ള ഐഎസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഷ്‌കറുമായി ചേര്‍ന്ന് ഭീകരാക്രമണങ്ങള്‍ നടത്താനും ഐഎസ് ശ്രമിക്കുന്നുണ്ട്. ഐഎസാകും ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കുക. ലഷ്‌കര്‍ നടപ്പിലാക്കും. അതേസമയം ആളുകളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതി തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഭാരതത്തില്‍ നിന്നുള്ള യുവാക്കളെ ആകര്‍ഷിക്കാനും ഐഎസിന് ഇവിടെ വേരുറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഭാരതീയരായ ഐഎസ് ഭീകരരുടെ വീഡിയോ പുറത്തുവന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ലഷ്‌കറുമായി ചേരുനെന്ന വാര്‍ത്ത പുറത്തു വരുന്നത്.
















