ന്യൂദല്‍ഹി: വര്‍ദ്ധിയ്‌ക്കുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈവേകള്‍ക്കടുത്തുള്ള മദ്യവില്‍പ്പനശാലകള്‍ പൂട്ടണമെന്ന് ഭാരതത്തിന്റെ ദേശീയ ഹൈവേ അതോറിറ്റി (എന്‍എച്ച്എഐ) സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എന്‍എച്ച്എഐ ചെയര്‍മാന്‍ രാഘവ് ചന്ദ്ര സംസ്ഥാനചീഫ് സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് കത്തെഴുതി. ഹൈവേയ്‌ക്കടുത്ത് പുതിയ വില്‍പ്പനശാലകള്‍ തുടങ്ങരുതെന്നും നിലവിലുള്ളവ മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.
വര്‍ഷം തോറും ഏതാണ്ട് അഞ്ച് ലക്ഷത്തോളം റോഡ് അപകടങ്ങളാണ് ഭാരതത്തില്‍. അതില്‍ ഒന്നര ലക്ഷത്തോളം മാരകമായവയും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതും ഭാരതത്തില്‍തന്നെ.
ഗുജറാത്തില്‍ സമ്പൂര്‍ണ്ണ നിരോധനമുണ്ട്. പഞ്ചാബ്, ഹരിയാന അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ തുടങ്ങിവെച്ചെങ്കിലും സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ശ്രദ്ധയില്‍ പെടുത്തി സര്‍ക്കാര്‍ സ്‌റ്റേ വാങ്ങുകയായിരുന്നു. മുന്‍പ് ഗതാഗത വകുപ്പും ഇത്തരത്തിലൊരു നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.
റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ പഠനം നടത്താന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് കെ. എസ്. രാധാകൃഷ്ണന്‍ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളിലും ദേശീയ പാതയോരത്തെ മദ്യവില്‍പ്പനയുണ്ടായിരുന്നു. ദേശീയപാതയോരത്തെ മദ്യശാലകളുടെ നിരോധനം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് സംസ്ഥാനത്തെ എക്‌സൈസ് കമ്മീഷണറും റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയേ ആകാവൂ എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈവേയില്‍ നിന്നും 220 മീറ്റര്‍ മാറിയോ വേഗം ശ്രദ്ധയില്‍ പെടാത്തിടത്തോ വില്‍പ്പന കേന്ദ്രം നടത്താവൂ എന്ന് വ്യവസ്ഥയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ അറിയിച്ചു.
















