ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സയ്യിദ് ഹഫീസിന്റെ സുരക്ഷ പാക്കിസ്ഥാൻ വിപുലമാക്കി. വിദേശ ഇന്റലിജൻസ് ഏജൻസികൾ വഴി ഹഫീസിനെ ഇല്ലാതാക്കാൻ ശത്രുക്കൾക്ക് ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദിക്ക് കനത്ത കാവൽ നൽകുന്നത്.
ഹഫീസിന്റെ ലാഹോറിലുള്ള വസതിയിൽ സുരക്ഷാഭടന്മാരുടെ അംഗബലം ഇരട്ടിയാക്കി. ഇതിനു പുറമെ അദ്ദേഹത്തിന്റെ പാർട്ടിയായ ജെയുഡിയുടെ ആസ്ഥാന മന്ദിരത്തിനും കനത്ത കാവലാണ് ഇപ്പോൾ നൽകുന്നത്. ലക്ഷർ ഇ തൊയ്ബയുടെ തലവന്മാരിലൊരാളായ ഹഫീസിന്റെ വീടിനു മുന്നിൽ നിന്നും 300 മീറ്റർ വരെ നാല് ബാരിക്കേഡുകളാണ് വച്ചിരിക്കുന്നത്.
അതോടൊപ്പം 48 സുരക്ഷാഭടന്മാരെയും വിന്യസിച്ചിട്ടുണ്ട്. 16 സൈനികർ വീതം ഷിഫ്റ്റ് രീതിയിലാണ് ഡ്യൂട്ടി നോക്കുന്നത്. കൂടുതൽ മികവാർന്ന തോക്കുകളുമായി പാർട്ടിയുടെ പ്രവർത്തകരും സുരക്ഷാ ഭടന്മാർക്കൊപ്പം വസതിക്കു മുന്നിൽ കാവൽ നിൽക്കുന്നുണ്ട്. ഹഫീസിന്റെ യാത്രകളിലും സുരക്ഷാ ഭടന്മാർ അതീവശ്രദ്ധയാണ് പുലർത്തുന്നത്.
എന്നാൽ പാക്കിസ്ഥാന്റെ ഈ നടപടിയിൽ ഭാരതം ഏറ അസ്വസ്ഥമാണ്. ലക്ഷ്ർ തലവനോട് പാക്കിസ്ഥാൻ കാണിക്കുന്ന ഈ മനോഭാവത്തിന്റെ പിന്നിലെന്താണെന്ന് ഭാരതത്തിന്റെ ഇന്റലിജൻസ് ഏജൻസി സസൂക്ഷ്മം അന്വേഷിച്ചറിയാനുള്ള തിരക്കിലാണ്. 2008ൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ പിന്നിൽ ഹഫീസാണെന്ന് ഭാരതം വ്യക്തമാക്കിയിരുന്നു
എന്നാൽ പാക്കിസ്ഥാൻ ഇയാളെ കുറ്റത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. അടിക്കിടെ ഭാരതത്തിനെതിരെ ഭീഷണികളും ഇയാൾ മുഴക്കുന്നുണ്ട്.
2008ലെ ഭീകരാക്രമണത്തിനു ശേഷം യുഎൻ സയ്യിദിന്റെ പാർട്ടിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 10 മില്ല്യൻ ഡോളറാണ് യുഎസ് സയ്യിദിന്റെ തലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് സയ്യിദ് കുറ്റക്കാരനല്ലെന്ന് പാക്കിസ്ഥാൻ പ്രസ്താവിക്കുകയായിരുന്നു.
















