വാഷിങ്ടണ്‍: മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായ ഭീകരരെ പാക്കിസ്ഥാന്‍ ശിക്ഷിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒബാമയും തമ്മിൽ നടന്ന കൂടിക്കാഴ്‌ച്ചക്കിടയിലാണ് യുഎസ് പ്രസിഡന്റ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.
ഇതിനു പുറമെ ഭീകരസംഘടനകളായ അല്‍ ഖ്വയിദ മുതല്‍ ദാവൂദിന്റെ ഡി കമ്പനി വരെയുള്ള ഭീകരസംഘടനകള്‍ക്ക് എതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനും ഇരുരാജ്യതലവന്മാരും നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ തീരുമാനമെടുത്തു.
പാരീസ് മുതല്‍ പത്താന്‍കോട്ടില്‍ വരെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് കൂടിക്കാഴ്‌ച്ചയ്‌ക്കുശേഷം ഇരുനേതാക്കളും അറിയിച്ചു. ആഗോളമായി ഭീകരവാദത്തിനെതിരെ നടത്തുന്ന ഉദ്യമം ശക്തമാക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഭീകരരെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുന്നത് അമേരിക്ക ഭാരത സഖ്യത്തിന്റെ സേവനങ്ങളില്‍ നാഴികക്കല്ലാണെന്നും, അന്തര്‍ദേശിയ ഭീകരവാദത്തിനെതിരെ ഐക്യരാഷ്‌ട്രസഭ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കൊപ്പം എന്നും നിലകൊള്ളുമെന്നും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും പറയുന്നു.
ഭീകവാദത്തിനെതിരെയുള്ള സഖ്യത്തില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിനായുള്ള പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















