ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ രണ്ടുവര്‍ഷം തികയ്‌ക്കുമ്പോള്‍ ജനപ്രീതിയില്‍ മുന്‍പേ ഓടിയെത്തിയത് ഭാരത റെയില്‍വേ. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 90 ശതമാനം റേറ്റിങ്ങോടെയാണ് മാറ്റങ്ങളിലേക്ക് കുതിക്കുന്ന റെയില്‍വേ ഒന്നാമതെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിരഹിത ഭരണത്തിനും ലഭിച്ചു അര്‍ഹമായ അംഗീകാരം; റേറ്റിങ്ങ് 82 ശതമാനം.
സര്‍ക്കാര്‍ പോര്‍ട്ടലായ മൈ ഗവ് ഡോട് ഇന്‍ നടത്തിയ സര്‍വ്വേയില്‍ 20,000 പേര്‍ പങ്കെടുത്തു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ലാണ് ഈ ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയത്. ശരാശരിയില്‍ റെയില്‍വേയ്‌ക്കും ഹൈവേയ്‌ക്കും ലഭിച്ച സ്‌കോര്‍ 4.5 ആണ്. രണ്ടാമതെത്തിയത് ഭാരതത്തിന്റെ വിദേശനയം.
മൂന്ന്, നാല് സ്ഥാനങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യയ്‌ക്കും വൈദ്യുത മന്ത്രാലയത്തിനും ലഭിച്ചു. അതേസമയം സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത്, കള്ളപ്പണം തിരിച്ചു പിടിക്കല്‍, പദ്ധതികള്‍ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. ഇവയ്‌ക്ക് ലഭിച്ച സ്‌കോറുകള്‍ യഥാക്രമം 3.8 ഉം 3.4 ഉം ആണ്. സൈറ്റില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സര്‍വ്വേ ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലായി 15 ചോദ്യങ്ങളാണുള്ളത്.
സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം എന്നതിനെ ആധാരമാക്കിയാണ് ആദ്യവിഭാഗത്തിലെ ചോദ്യങ്ങള്‍. രണ്ടാമത്തേതില്‍ സര്‍ക്കാരിന്റെ ബൃഹത്പദ്ധതികള്‍ക്കുള്ള പ്രതികരണങ്ങള്‍ ആരാഞ്ഞായിരുന്നു ചോദ്യങ്ങള്‍. ഫോണ്‍ വഴിയുള്ള സര്‍വ്വേ സംവിധാനങ്ങളും വൈകാതെയുണ്ടാകും. ഇതിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1800117800 ജൂണ്‍ 8ന് പ്രവര്‍ത്തനസജ്ജമാകും.
















