ബീജിങ്: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് ഇതാദ്യമായി ചൈന പരസ്യമായി അംഗീകരിച്ചു. ഭീകരര്‍ക്ക് വേണ്ട സഹായം നല്‍കിയതും പദ്ധതി ഏകോപിപ്പിച്ചതും പാക്കിസ്ഥാനണെന്ന് ചൈന സമ്മതിച്ചു. 2008 നവംബര്‍ 26, 29 തീയതികളില്‍ നടന്ന ഭീകരാക്രമണ പരമ്പരകളില്‍ 164 പേര്‍ മരിക്കുകയും 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൈനയുടെ ഔദ്യോഗിക ടിവി ചാനലായ സിസി ടിവി9-ല്‍ ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ലഷ്‌കര്‍ ഇ തോയിബയുടെയും അവരെ സ്‌പോണ്‍സര്‍ ചെയ്യുന്ന പാക്കിസ്ഥാന്റെയും പങ്കിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് ഇക്കാര്യം സമ്മതിക്കുന്നത്. ചൈനയുടെ ഈ നയംമാറ്റം ഐക്യരാഷ്‌ട്രസഭയില്‍ ഭീകരതക്കെതിരെയുള്ള ഭാരതത്തിന്റെ നിലപാടുകള്‍ക്ക് അനുകൂലമായെക്കുമെന്നും സൂചനയുണ്ട്.
കൊടുംഭീകരരായ ഹാഫിസ് റഹ്മാന്‍ മാക്കി, താല്‍ഹ സയ്യിദ്, ഹാഫീസ് അബുദുള്‍ റൗഫ് എന്നിവരെ യുഎന്‍ ഭീകരരുടെ ലിസ്റ്റില്‍പ്പെടുത്തുന്നതിന് സഹായകമായേക്കും. ജെയ്‌ഷെ മുഹമ്മദ് തലവന്‍ ഹാഫീസ് സയ്യിദിനെ ലിസ്റ്റില്‍പ്പെടുത്താനുള്ള ഭാരതത്തിന്റെ നീക്കത്തെ സാങ്കേതികത്വത്തിന്റെ പേരില്‍ തടഞ്ഞുകൊണ്ട് പാക്കിസ്ഥാന്‍ അനുകൂല നിലപാടാണ് ചൈന കൈക്കൊണ്ടിരുന്നത്.
ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ഭാരതത്തിന്റെ നിലപാടിനെ അനുകൂലിച്ചിരുന്നു. ഭീകരതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാക്കിസ്ഥാനെ അന്ധമായി പിന്തുണയ്‌ക്കുകയായിരുന്നു ഇതുവരെ ചൈന ചെയ്തിരുന്നത്.
















