ഡെറാഡൂണ്‍: വിശ്വാസവോട്ടിനായി വിമത എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ഇന്നു വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം ലഭിക്കേണ്ടതിനാലാണ് ഹരീഷ് റാവത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്തു വിളിച്ചുവരുത്തി റാവത്തിനെ ചോദ്യംചെയ്തിരുന്നു. വിമത എംഎല്‍എമാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയായിരുന്നു അത്.
മാര്‍ച്ച് 27നു രാഷ്‌ട്രപതിഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്നതിനു മുമ്പായിരുന്നു വിമത എംഎല്‍എമാരെ സ്വാധീനിക്കാന്‍ റാവത്ത് ശ്രമിച്ചതെന്നാണ് രഹസ്യകാമറ ഓപ്പറേഷനിലൂടെ വെളിപ്പെടുത്തല്‍ നടന്നത്. തന്റെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് രഹസ്യകാമറ ഓപ്പറേഷനിലൂടെ നടത്തിയതെന്നാണ് റാവത്തിന്റെ പ്രതികരണം.
















