ന്യൂദല്‍ഹി: കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020ല്‍ 15,800 കോടി രൂപ വേണ്ടിവരുമെന്ന് പഠനം. 2020 ആകുമ്പോഴേക്കും 48 ലക്ഷം പുതിയ കുടുംബങ്ങളായിരിക്കും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പോപ്പുലേഷന്‍ ഫണ്ട് ഓഫ് ഇന്ത്യാ (പിഎഫ്‌ഐ) പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് തന്നെ എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാം.
ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍, ആസാം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. കുടുംബാസൂത്രണത്തിന് ഫണ്ട് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, മറ്റ് ആരോഗ്യപരിപാടികളെ അപേക്ഷിച്ച് കുറച്ച് ശ്രദ്ധമാത്രമെ ഇതിനു നല്‍കുന്നുള്ളു. 2014-15ല്‍ ആരോഗ്യ-കുടുംബക്ഷേമ ബജറ്റില്‍ നാല് ശതമാനം മാത്രമാണ്
കുടുംബാസൂത്രണത്തിന് മാറ്റിവെച്ചിട്ടുള്ളു. 100 ദശലക്ഷം കുടുംബങ്ങളാണ് ഇപ്പോള്‍ കുടുംബാസൂത്രണ പദ്ധതിയില്‍ പങ്കാളിത്തമുള്ളത്. ഇതിനുപുറമെയാണ് 2020ല്‍ 48 ദശലക്ഷം കൂടി ചേരുന്നത്. 2020ല്‍ കുടുംബാസൂത്രണത്തിന്റെ ലക്ഷ്യം നേടാനാവുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പിഎഫ്‌ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുറ്റര്‍ജ പറഞ്ഞു.
















